കുറവിലങ്ങാട്: അമിതഭാരം കയറ്റി നിരത്തുകളിലൂടെ പായുന്ന തടി ലോറികൾ കാരണം മറ്റു വാഹനയാത്രക്കാർ ഭീഷണിയിൽ. അനുവദനീയമായതിലും ഭാരം കയറ്റിയും മുന്നറിയിപ്പു സംവിധാനങ്ങൾ ഒരുക്കാതെയും ദിനംപ്രതി കടന്നുപോകുന്നത് ഒട്ടേറെ ലോറികൾ. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടുകൂടി വൻ തടി കയറ്റി വന്ന ലോറിയുടെ ചെയ്സിൽ നിന്നും ബോഡി വേർപെട്ട് സമീപവാസി യുടെ പുരയിടത്തിലേക്ക് മറിഞ്ഞു. വൻ അപകടം തലനാരിഴക്കാണ് ഇവിടെ ഒഴിവായത്. വൈകിട്ട് 6 കഴിഞ്ഞാൽ എംസി റോഡ് കയ്യടക്കുന്നത് അമിതഭാരം കയറ്റിയ തടി ലോറികളാണ്. രാത്രി ലോറിയുടെ ബോഡി ഭാഗത്തു നിന്നു പുറത്തേക്ക് തള്ളിനിൽക്കുന്ന തടികൾ മറ്റ് വാഹനയാത്രക്കാർക്ക് കാണാൻ സാധിക്കില്ല. ഓവർടേക്ക് ചെയ്യാൻ വേഗം കൂട്ടി കടന്നു വരുമ്പോഴായിരിക്കും തൊട്ടുമുൻപിലെ അപകടം കാണുക. തലനാരിഴയ്ക്കാകും രക്ഷപ്പെടുക.
ലോറിയിൽ ലോഡ് ഉണ്ടെന്ന് അറിയിക്കാൻ ലോഡിനു വശങ്ങളിൽ മുന്നറിയിപ്പ് ലൈറ്റുകൾ സ്ഥാപിക്കണമെന്ന് ചട്ടമുണ്ടെങ്കിലും പലരും പാലിക്കില്ല. അമിതഭാരം കാരണം പലപ്പോഴും ലോറികൾ ഒരു ഭാഗത്തേക്ക് അപകടകരമായി ചെരിഞ്ഞിരിക്കുന്നതും കാണാം. ലോറികളുടെ പാർക്കിങ്ങും വലിയ അപകടമാണ്. റിഫ്ലക്ടറുകളും മുന്നറിയിപ്പ് ലൈറ്റുകളും ഇല്ലാത്തതിനാൽ പാർക്ക് ചെയ്തിരിക്കുന്ന ലോറി മറ്റു യാത്രക്കാരുടെ ശ്രദ്ധയിൽപെടില്ല. റോഡരികിലെ വഴിവിളക്കുകൾ പ്രവർത്തിക്കാത്തതും അപകട സാധ്യത കൂട്ടുന്നു.