ചെന്നൈ: നിർണ്ണായകമായ മൂന്ന് റണ്ണൗട്ടുകൾ ഗതി നിർണ്ണയിച്ച മത്സരത്തിൽ ലഖ്‌നൗവിനെ തകർത്ത് മുംബൈ രണ്ടാം എലിമിനേറ്ററിലേയ്ക്കു മുന്നേറി. അടുത്ത ദിവസം നടക്കുന്ന രണ്ടാം ക്വാളിഫെയറിൽ മുംബൈ ഗുജറാത്തിനെ നേരിടും. ഈ മത്സരത്തിലെ വിജയിയാവും ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ചെന്നൈയെ നേരിടുക.
സ്‌കോർ
മുംബൈ – 182-8
ലഖ്‌നൗ – 101
ടോസ് നേടിയ മുംബൈ ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് വേണ്ടി ഇഷാൻ കിഷൻ (15), രോഹിത് ശർമ്മ (11), കാമറൂൺ ഗ്രീൻ (41), സൂര്യകുമാർ യാദവ് (33), തിലക് വർമ്മ (26), ടിം ഡേവിഡ് (13), നേഹാൽ വന്ദ്ര (23) എന്നിവരാണ് മികച്ച ബാറ്റിംങ് കാഴ്ച വച്ചത്. നിർണ്ണായകമായ ഘട്ടങ്ങളിൽ എല്ലാം വിക്കറ്റ് വീഴ്ത്തിയെങ്കിലും മുംബൈയുടെ റണ്ണൊഴുക്ക് തടഞ്ഞു നിർത്താൻ ലഖ്‌നൗവിന് സാധിച്ചില്ല. ലഖ്‌നൗവിന് വേണ്ടി നവീൻ ഉൾ ഹഖ് നാലു വിക്കറ്റ് വീഴ്ത്തി. യഷ് താക്കൂർ മൂന്നും, മോനിഷ് ഖാൻ ഒരു വിക്കറ്റും വീഴ്ത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങിന് ഇറങ്ങിയ ലഖ്‌നൗവിനെ വരിഞ്ഞ് മുറുക്കിയുള്ള പ്രകടനമാണ് മുംബൈ ബൗളർമാർ നടത്തിയത്. 23 റണ്ണിനിടെ ലഖ്‌നൗവിന്റെ രണ്ട് വിക്കറ്റുകളാണ് മുംബൈ ബൗളർമാർ പിഴുതത്. അപകടകാരിയായ മയേഴ്‌സ് (28), മങ്കാദ് (3) എന്നിവരെ ആദ്യം തന്നെ ജോർദാനും മഡ് വാളും ചേർന്ന് പുറത്താക്കി. 69 ൽ ക്രുണാലും (8), 74 ൽ ആയുഷ് ബദോണിയും (1), പുറത്തായതോടെ പ്രതീക്ഷയത്രയും മാർക്കസ് സ്റ്റോണിസിലായി (40). ആക്രമിച്ചു കളിയ്ക്കുമെന്ന പ്രതീക്ഷയിൽ കളത്തിലെത്തിയ നിക്കോളാസ് പൂരാൻ (0) ഒറ്റ പന്ത് മാത്രം നേരിട്ട് മടങ്ങി. പിന്നാലെ , സ്റ്റോണിസിന്റെയും ,കൃഷ്ണപ്പ ഗൗതത്തിന്റെയും (2), ദീപക്ക് ഹൂഡയുടെയും (15) റണ്ണൗട്ട് കൂടി വന്നതോടെ ലഖ്‌നൗ പ്രതിരോധിക്കാനാവാതെ തകർന്നു. 92 ന് ഏഴ് എന്ന നിലയിൽ നിന്ന് 101 ന് ഓൾ ഔട്ടായി ലഖ്‌നൗ. മൂന്ന് ഓവറും മൂന്ന് പന്തും ബാക്കി നിൽക്കെയാണ് ലഖ്‌നൗവിന്റെ പതനം.