തൃശ്ശൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്രയുടെ ന്യൂ ജനറേഷന്‍ എസ്യുവി ഥാര്‍. പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡാണ് വാഹനം ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് നല്‍കിയത്.വിപണിയില്‍ 13 മുതല്‍ 18 ലക്ഷം വരെ വിലയുള്ളതാണ് വണ്ടി. മഹീന്ദ്ര ന്യൂ ഥാര്‍ ഫോര്‍ വീല്‍ ഡ്രൈവാണ് ഇന്ന് രാവിലെ നടയ്ക്കല്‍ സമര്‍പ്പിച്ചത്. റെഡ് കളര്‍ ഡീസല്‍ ഓപ്ഷനാണിത്. 2200 സിസിയാണ് എന്‍ജിന്‍.
ഗുരുവായൂര്‍ കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ കെബി മോഹന്‍ദാസിന് വാഹനത്തിന്റെ താക്കോല്‍ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡിന്റെ ചീഫ് ഓഫ് ഗ്ലോബല്‍ പ്രോഡക്ട് ഡവലപ്‌മെന്റ് ആര്‍ വേലുസ്വാമി കൈമാറി. ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെപി വിനയന്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ് വൈസ് ചെയര്‍മാന്‍ ജോസ് സാംസണ്‍, കേരള കസ്റ്റമര്‍ കെയര്‍ ഹെഡ് കണ്ടപ്പാ പറ്റിത്, ഏരിയ സെയില്‍സ് മാനേജര്‍ ജഗന്‍കുമാര്‍ ഡിഎച്ച്, ക്ഷേത്രം ഡിഎ പി മനോജ് കുമാര്‍, ക്ഷേത്രം മാനേജര്‍ എകെ രാധാകൃഷ്ണന്‍, അസിസ്റ്റന്റ് മാനേജര്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.