മുംബൈ: സീനിയർ വിമൻ ഏകദിന ട്രോഫിയിൽ കരുത്തരായ റെയിൽവേയ്സിനെ തകർത്ത് കേരളം. ഏഴ് വിക്കറ്റിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത റെയിൽവേയ്സിനെ 139 റൺസിന് ഒതുക്കിയ കേരളം 40ആം ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. 2018നു ശേഷം ഇത് ആദ്യമായാണ് റെയിൽവേയ്സ് ഏകദിന ട്രോഫിയിൽ ഒരു മത്സരം പരാജയപ്പെടുന്നത്. റെയിൽവേയ്സിൻ്റെ ഒരു വിക്കറ്റ് വീഴ്ത്തുകയും 85 റൺസ് നേടി പുറത്താവാതെ നിൽക്കുകയും ചെയ്ത മിന്നു മണിയാണ് കേരളത്തിന് അവിസ്‌മരണീയ ജയമൊരുക്കിയത്.
നുസ്റത്ത് പർവീൻ, മോന മെഷ്റം, അരുന്ധതി റെഡ്ഡി, ഡയലൻ ഹേമലത, സ്വാഗതിക റാത്ത്, പൂനം യാദവ് തുടങ്ങി ദേശീയ താരങ്ങൾ അണിനിരക്കുന്ന ടീമാണ് റെയിൽവേയ്സ്. വർഷങ്ങളായി റെയിൽവേയ്സ് ആണ് ആഭ്യന്തര കിരീടങ്ങളൊക്കെ നേടിക്കൊണ്ടിരിക്കുന്നത്. എന്നാൽ, താരസമ്പന്നമായ റെയിൽവേയ്സിനെ കേരളം തകർത്തെറിയുകയായിരുന്നു. 18 വയസുകാരിയായ സൂര്യ സുകുമാർ 4 വിക്കറ്റുകളുമായി കളം നിറഞ്ഞപ്പോൾ മൃദുല വിഎസ്, കീർത്തി ജെയിംസ്, മിന്നു മണി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. റെയിൽവേയ്സിൻ്റെ മൂന്ന് താരങ്ങൾ റണ്ണൗട്ടായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംഗിൽ ഷാനി ടി (1), ദീപ്തി ജെഎസ് (1), ജിൻസി ജോർജ് (11) എന്നീ വിക്കറ്റുകൾ വേഗം നഷ്ടമായെങ്കിലും മിന്നു മണിയും സജന എസും ചേർന്ന അപരാജിതമായ നാലാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തെ തകർപ്പൻ വിജയത്തിലെത്തിക്കുകയായിരുന്നു. 119 റൺസാണ് ഒരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. മിന്നു മണിക്കൊപ്പം സജനയും (36) നോട്ടൗട്ടാണ്. ഗ്രൂപ്പ് എയിൽ കളിച്ച 5 മത്സരങ്ങളും വിജയിച്ച കേരളം ഒന്നാമതും 4 മത്സരങ്ങൾ വിജയിച്ച റെയിൽവേയ്സ് രണ്ടാം സ്ഥാനത്തുമാണ്.