സിനിമാ ഡെസ്ക് : ഐതിഹ്യമാലയിലെ കടമറ്റത്ത് കത്തനാരുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “കത്തനാർ ദി വൈൽഡ് സോർസറർ” ചിത്രത്തിൽ ജയസൂര്യയാണ് നായകൻ. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ചിത്രത്തിൽ തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. താരത്തിന്റെ രംഗങ്ങൾ അഭിനയിക്കാൻ വേണ്ടി ഇപ്പോൾ സെറ്റിൽ ജോയിൻ ചെയ്തിരിക്കുകയാണ്. ആദ്യമായിട്ടാണ് അനുഷ്ക ഷെട്ടി മലയാള സിനിമയിൽ അഭിനയിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.ഫിലിപ്സ് ആൻഡ് ദി മങ്കിപെൻ,ജോ ആൻഡ് ദി ബോയ് എന്നീ ചിത്രങ്ങൾക്ക് ശേഷം റോജി തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.75 കോടി രൂപ ബജറ്റിൽ ഈ ചിത്രം ഗോകുലം ഗോപാലനാണ് നിർമ്മിക്കുന്നത്. രാഹുൽ സുബ്രഹ്മണ്യം സംഗീത സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നീൽ ഡി കുഞ്ഞ നിർവഹിക്കുന്നു. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം 2024 അവസാനത്തോടെ തിയേറ്ററുകളിൽ എത്തും.മലയാളം പതിപ്പിനൊപ്പം, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, ഹിന്ദി, ബംഗാളി, കന്നഡ, ചൈനീസ് തുടങ്ങി ഒന്നിലധികം ഭാഷകളിൽ ചിത്രം റിലീസ് ചെയ്യാനാണ് നിർമ്മാതാക്കൾ പദ്ധതിയിടുന്നത്.ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇന്തോനേഷ്യൻ, ജാപ്പനീസ് തുടങ്ങിയ ഭാഷകളിലും ചിത്രം പുറത്തിറങ്ങും.