കോട്ടയം: മാലിന്യം സംസ്‌കരിക്കാൻ പ്ലാന്റുകൾ ഇല്ലാത്തതിൽ പ്രതിഷേധിച്ച് വൈക്കം താലൂക്കിലെ മാലിന്യ ശേഖരണം നിർത്തിവയ്ക്കാൻ കേരള പ്രദേശ് സെപ്ടിക് ടാങ്ക് ക്ലീനേഴ്‌സ് മസ്ദൂർ സംഘ് (ബിഎംഎസ്). ഹോട്ടൽ, സെപ്റ്റിക്ക് ടാങ്ക്, ബാത്ത് റൂം മാലിന്യം അടക്കം ശേഖരിക്കുന്നത് നിർത്തി വയ്ക്കാനാണ് നീക്കം. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, മാലിന്യ ശേഖരണത്തിന് ക്രമീകരണം ഒരുക്കുക, മാലിന്യ സംസ്‌കരണത്തിന് ജില്ലയിൽ പ്ലാന്റുകൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തയാണ് ഇപ്പോൾ സമരം നടത്തുന്നത്. വൈക്കത്തഷ്ടമി ചടങ്ങുകൾക്ക് ആഴ്ചകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇതിനിടെയാണ് ഇപ്പോൾ സെപ്റ്റിക്ക് ടാങ്ക് മാലിന്യം അടക്കം ശേഖരിക്കുന്നവർ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. വൈക്കത്തഷ്ടമിക്കാലത്ത് മാത്രം നൂറ് കണക്കിന് ടാങ്കുകളിലാണ് ഇവിടെ നിന്നും മാലിന്യം നീക്കം ചെയ്യുന്നത്. എന്നാൽ, ടാങ്കർ ലോറികൾ മാലിന്യം നീക്കം ചെയ്യുന്നത് നിർത്തിവച്ചാൽ ഇത് സാരമായി അഷ്ടമി ദിന ചടങ്ങുകളെ ബാധിക്കും. എന്നാൽ, മതിയായ പ്ലാന്റുകൾ ഇല്ലാത്ത സാഹചര്യത്തിൽ നിരന്തരം വേട്ടയാടപ്പെടുന്ന ടാങ്കർ ലോറി ഉടമകളും ജീവനക്കാരും കൂടി പ്രതിഷേധത്തിലാണ്.