പ്രവചനാതീതമായ കനത്ത മഴ: വ്യാപാരികള്‍ക്കുണ്ടായത് വലിയ നാശനഷ്ടം; അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

മല്ലപ്പള്ളി : പ്രവചനാതീതമായ കനത്ത മഴ ദുരന്തമായെന്നും ഓണക്കാലത്തെ കച്ചവടം പ്രതീക്ഷിച്ച് വ്യാപാരികള്‍ സംഭരിച്ച് വച്ചിരുന്ന സാധനങ്ങള്‍ നശിച്ച് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായതെന്നും അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. കനത്തമഴയില്‍ നാശനഷ്ടമുണ്ടായ ചുങ്കപ്പാറയിലെ വ്യാപാര സ്ഥാപനങ്ങളും വെണ്ണിക്കുളം സെന്റ് ബെഹനാന്‍സ് സ്‌കൂളും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ക്കൊപ്പം സന്ദര്‍ശിച്ച് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചുങ്കപ്പാറ ടൗണിലെ അന്‍പതോളം വ്യാപാരസ്ഥാപനങ്ങളാണ് അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തില്‍ നശിച്ചത്. മണിമലയാറ്റില്‍ നിന്ന് മാത്രമല്ല, തോട്ടില്‍ നിന്നും വെള്ളം ഇരച്ചുകയറുകയായിരുന്നു. വ്യാപാരികളില്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് ഇന്‍ഷുറന്‍സുള്ളത്. അതുകൊണ്ട് തന്നെ വ്യാപാരികള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങള്‍ സംസ്ഥാന മന്ത്രിസഭയുടെ പരിഗണനയിലേക്ക് കൊണ്ടുവരാന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാതല അവലോകനസമിതി തീരുമാനിച്ചിട്ടുണ്ട്. കൂടാതെ മുഖ്യമന്ത്രിയുടേയും റവന്യുമന്ത്രിയുടേയും പ്രത്യേക ശ്രദ്ധയിലും ഇക്കാര്യം പെടുത്തും. എഴുമറ്റൂരിലുണ്ടായ മണ്ണിടിച്ചിലില്‍ വീടുകള്‍ അപകടാവസ്ഥയിലാണ്. വെണ്ണിക്കുളം സെന്റ് ബെഹനാന്‍സ് സ്‌കൂളിലെ ശുചിമുറി ഇടിഞ്ഞ് തോട്ടിലേക്ക് വീണു. ജീവന് ഹാനിയുണ്ടാകാതെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചു. ഇടത്തറ കോളനിയിലെ അംഗങ്ങളെ ക്യാമ്പിലെത്തിച്ചുവെന്നും സഹായമെത്തിക്കാന്‍ വലിയ പരിശ്രമം നടത്തുമെന്നും എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും എംഎല്‍എ പറഞ്ഞു.

Advertisements

ചുങ്കപ്പാറയിലെ വ്യാപാരികള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ പ്രത്യേക റിപ്പോര്‍ട്ടായി സംസ്ഥാന സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയിലും സമീപ ജില്ലകളിലുമുണ്ടായ പ്രവചനാതീതമായ മഴയില്‍ കൈത്തോടുകള്‍ കര കവിയുകയും നദികളിലെ ജലനിരപ്പ് ഉയരുകയും ചെയ്യുകയായിരുന്നു. ചുങ്കപ്പാറയിലെ അന്‍പതോളം വ്യാപാരസ്ഥാപനങ്ങളാണ് നശിച്ചതെന്നും ഇവര്‍ക്ക് വേണ്ട കൈത്താങ്ങ് ഒരുക്കുമെന്നും കളക്ടര്‍ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, കോട്ടാങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റ് വിനു ജോസഫ്, തഹസില്‍ദാര്‍ ജോണ്‍ വര്‍ഗീസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ഷിബു തോമസ്, സുനില്‍ എം നായര്‍, എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.