പത്തനംതിട്ട: മല്ലപ്പള്ളി വലിയപാലത്തില്‍ വിള്ളല്‍. ഇന്ന് രാവിലെയോടെയാണ് പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. ജില്ലയില്‍ ഇപ്പോഴും തുടരുന്ന അതിശക്തമായ മഴയിലാണ് വിള്ളല്‍ രൂപപ്പെട്ടതെന്ന് കരുതുന്നു. പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയതോടെ ജനങ്ങള്‍ പരിഭ്രാന്തരായെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധകൃതര്‍ പറയുന്നു. എന്നാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം ജാഗ്രതയോടെ വേണം എന്ന മുന്നറിയിപ്പും ഉണ്ട്.
അതേ, സമയം ഇന്ന് രാവിലെ കൈപ്പട്ടൂര്‍ പാലത്തിന്റെ അപ്രോച് റോഡ് തകര്‍ന്ന് വലിയ കുഴി രൂപപ്പെട്ടിരുന്നു. മണിമലയാറിന് കുറുകെ മല്ലപ്പള്ളി താലൂക്കില്‍ മാത്രം 11 പാലങ്ങള്‍ ഉണ്ട്. അതില്‍ രണ്ട് എണ്ണം ഉപയോഗ ശൂന്യമായി. ജില്ലയില്‍ ഏറ്റവും വലിയ നാശം വെണ്ണിക്കുളം കോമളം പാലത്തിന്റെ സമീപന റോഡ് നദി കവര്‍ന്നതാണ്. കോട്ടയം ജില്ലയിലെ വെള്ളാവൂര്‍, പഞ്ചായത്തിനെ പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങലുമായി ബന്ധിപ്പിക്കുന്ന നൂലുവേലിക്കടവ് തൂക്കുപാലത്തിന്റെ ഒരുഭാഗം കഴിഞ്ഞ മാസം തകര്‍ന്നു വീണിരുന്നു.