കടുത്തുരുത്തി; കുടുംബത്തിനും നാടിനും രാജ്യത്തിനും മുതല്‍കൂട്ടാവേണ്ട മികവുറ്റ വ്യക്തിത്വങ്ങള്‍ പലതും നശിക്കാനും ഇല്ലാതാകാനും കാരണമാകുന്നത് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തിലൂടെയാണെന്ന് ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍. കഴിവും പ്രാപ്തിയുമുള്ള പലരുടെയും ജീവിതങ്ങള്‍ ഇതിനുദാഹരണമായി സമൂഹത്തിന് മുമ്പിലുണ്ടെങ്കിലും ഇവ കാണാതെ പോകുന്നതാണ് കൂടുതല്‍ പേര് ഈ നാശത്തിന്റെ പിടിയലകപെടാന് കാരണമെന്നും അദേഹം പറഞ്ഞു. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിലെ ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍.
ഇഷ്ടമില്ലാത്തതും തെറ്റായതുമായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നവരോട് മുഖം നോക്കാതെ നോ പറയുവാനുള്ള ആര്‍ജവമുണ്ടാകണമെന്നും അദേഹം ഉപദേശിച്ചു. ഇടവകയിലെ മറ്റു സംഘടനകളുടെ സഹകരണത്തോടെ നടന്ന സെമിനാറില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം മൂലമുണ്ടാകുന്ന ദൂഷ്യവശങ്ങളെ കുറിച്ചും കുട്ടികള്‍ ഇത്തരം അപകടത്തില്‍ പെടാതിരിക്കാന്‍ രക്ഷിതാക്കള്‍ പുലര്‍ത്തേണ്ട മുന്‍കരുതലുകളെ കുറിച്ചും വിശദീകരിച്ചു. സ്കൂളുകളിലും കോളജുകളിലും പടിക്കുന്ന കുട്ടികളെ കെണിയിലാക്കാന്‍ വന്മാഫിയാകള് രംഗത്തുള്ളപ്പോള്‍ മാതാപിതാക്കളും അധ്യാപകരുമെല്ലാം നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും സെമിനാറിന് നേതൃത്വം നല്കിയ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ പി.എല്‍. റോബിമോന്‍ മുന്നറിയിപ്പ് നല്കി. സെന്റ് ആന്റണീസ് പാരിഷ് ഹാളില്‍ നടന്ന ബോധവല്‍ക്കരണ സെമിനാറില്‍ രക്ഷിതാക്കള്‍, വിവിധ സംഘടനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജാഗ്രതാസമിതി പ്രസിഡന്റ് സി.എം. മാത്യു, സെക്രട്ടറി പി.സി. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.