ആലപ്പുഴ : കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ സ്ഥാപകനും മുഖ്യരക്ഷധികാരിയുമായ നടൻ മമ്മൂട്ടിയുടെ ജന്മദിനത്തിൽ കുട്ടികൾക്ക് പ്രകൃതി സൗഹൃദ സഞ്ചാരസൗകര്യമൊരുക്കി 100 സൈക്കിൾ സമ്മാനിച്ച് ഫൌണ്ടേഷൻ. കോലഞ്ചേരി സിന്തയ്റ്റ് ഗ്രൂപ്പിന്റെ സഹകരണത്തിൽ സംസ്ഥാനമെമ്പാടുമുള്ള തീരദേശങ്ങളിലെയും ആദിവാസി ഗ്രാമങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമി ആലപ്പുഴയിൽ നിർവഹിച്ചു.
കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ നൂതന പദ്ധതിയുടെ ഭാഗമായാണ് സൈക്കിളുകൾ വിതരണം ചെയ്യുന്നത്. കേരളത്തിലുടനീളം നിർധനരായ തീരദേശവാസികളായ കുട്ടികൾക്കും ആദിവാസികളായ കുട്ടികൾക്കും മുൻഗണന നൽകി കൊണ്ടാണ് പദ്ധതിയുടെ വിതരണം. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന നൂറു കുട്ടികൾക്ക് ആണ് ആദ്യഘട്ടം വിതരണം ചെയ്യുന്നത്. പത്മശ്രീ മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ടെന്നും അത് സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്ന അനേകർക്ക് ആശ്വാസമാകുന്നുണ്ടെന്നും മമ്മൂട്ടിയുടെ ഇത്തരത്തിലുള്ള കാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്നും മഠാധിപതി പറഞ്ഞു. ചടങ്ങിൽ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴയുടെ അധ്യക്ഷതയിൽ ആലപ്പുഴ രൂപതാ പി. ആർ. ഓ യും റേഡിയോ നെയ്തൽ ഡയറക്ടറും ആയ ഫാ.സേവ്യർ കുടിയാംശ്ശേരി, സുന്നി മഹല്ല് ഫെഡറേഷൻ ജില്ല പ്രസിഡൻറ് ഇബ്രാഹിംകുട്ടിവിളക്കേഴം, പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ.ഫ്രാൻസിസ് കൊടിയനാട്,പഞ്ചായത്ത് അംഗം ഷിനോയ്, വാഹിദ് മാവുങ്കൽ, പ്രൊജക്റ്റ് ഓഫീസർ അജ്മൽ ചക്കരപാടം എന്നിവർ പങ്കെടുത്തു.