കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് വൈദ്യസഹായവുമായി നടന്‍ മമ്മൂട്ടി. രാജഗിരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ചൊവ്വാഴ്ച മുതല്‍ ഇവിടെ സൗജന്യ പരിശോധനയ്ക്കെത്തും. പുക ഏറ്റവും കൂടുതല്‍ വ്യാപിച്ച പ്രദേശങ്ങളിലാണ് മരുന്നുകളും ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഉള്‍പ്പെടെയുള്ളവയുമായി സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റ് പര്യടനം നടത്തുക.
ചൊവ്വാഴ്ച വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിലെ ഒന്നാംവാര്‍ഡായ ബ്രഹ്മപുരത്താണ് വൈദ്യസംഘത്തിന്റെ പരിശോധന. ബുധനാഴ്ച കുന്നത്ത്നാട് പഞ്ചായത്തിലെ പിണര്‍മുണ്ടയിലും വ്യാഴാഴ്ച തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ വടക്കേഇരുമ്പനം പ്രദേശത്തും പരിശോധനയുണ്ടാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിദഗ്ദ്ധപരിശോധനയ്ക്കുള്ള സജ്ജീകരണങ്ങളൊരുക്കിയ വാഹനം വീടുകള്‍ക്കരികിലെത്തും. ഇതില്‍ ഡോക്ടറും നഴ്സുമുണ്ടാകും. മരുന്നുകളും ആവശ്യമുള്ളവര്‍ക്ക് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും സൗജന്യമായി നല്‍കും.ഡോ. ബിജു രാഘവന്റെ നേതൃത്വത്തിലാണ് സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം.
ഇവയില്‍ നിന്ന് ലഭിക്കുന്ന പരിശോധന വിവരങ്ങള്‍ വിലയിരുത്താന്‍ ആശുപത്രിയില്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. സണ്ണി പി ഓരത്തെല്‍, ശ്വാസകോശ വിഭാഗത്തിലെ ഡോ. വി രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്.