അഹമ്മദാബാദ്: പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയതിന് കാമുകന് മേൽ ആസിഡൊഴിച്ചു. രണ്ടു കുട്ടികളുടെ അമ്മയായ 40 കാരിയാണ് പ്രതി. ഗുരുതരമായി പൊള്ളലേറ്റ 52 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഹമ്മദാബാദിലാണ് സംഭവം നടന്നത്. അഹമ്മദാബാദ് മുനിസിപ്പൽ ട്രാൻസ്പോർട്ട് സർവീസിൽ (എഎംടിഎസ്) ജോലി ചെയ്യുന്ന 51 കാരനായ ബസ് കണ്ടക്ടർ രാകേഷ് ബ്രഹ്മഭട്ടിനാണ് ഗുരുതരമായി പൊള്ളലേറ്റത്. ജുഹാപുര സ്വദേശിയും രണ്ട് കുട്ടികളുടെ അമ്മയുമായ 40 കാരി മെഹ്സാബിൻ ചുവാരയാണ് കേസിലെ പ്രതി.
എട്ട് വർഷത്തെ ബന്ധം അവസാനിപ്പിച്ചതിലുള്ള പകയാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് കലുപൂർ പൊലീസ് പറയുന്നു. ബസിൽ വച്ചാണ് ഇരുവരും കാണുന്നതും സൗഹൃദത്തിലാകുന്നതും. ബന്ധം പിന്നീട് പ്രണയമായി മാറി. എട്ടുവർഷത്തോളം ബന്ധം മുന്നോട്ടുപോയി. അതിനിടെ ബ്രഹ്മഭട്ടിന്റെ ഭാര്യ സംഭവമറിഞ്ഞു. തുടർന്ന് ബ്രഹ്മഭട്ടിന് ബന്ധത്തിൽ നിന്ന് പിന്മാറേണ്ടി വന്നു. കാമുകൻ പിന്മാറിയതോടെ മെഹ്സാബിൻ ആക്രമണം ആസൂത്രണം ചെയ്തു. അഹമ്മദാബാദ് റെയിൽവേ സ്റ്റേഷന് സമീപത്തെ കൺട്രോൾ ക്യാബിനിൽ വെച്ച് മെഹ്സാബിൻ ആസിഡ് എറിഞ്ഞു. ബ്രഹ്മഭട്ടിൻ്റെ മുഖത്തും പുറംഭാഗത്തും സ്വകാര്യഭാഗങ്ങളിലും പൊള്ളലേറ്റു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വഴിയാത്രക്കാരനാണ് ഇയാളെ അംദുപുരയിലെ ജിസിഎസ് ആശുപത്രിയിൽ എത്തിച്ചത്. മിത് ശർമ്മ എന്നയാളും യുവതിക്ക് ഒപ്പമുണ്ടായിരുന്നതായി പരാതിക്കാരൻ പൊലീസിനോട് പറഞ്ഞു. എന്നാൽ, കുറ്റകൃത്യം നടന്ന സമയത്ത് ശർമ്മയുടെ സാന്നിധ്യം സ്ഥാപിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മെഹ്സാബിനിന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളിൽ ഒരാളാണ് ശർമ. എന്നാൽ സംഭവ സമയം ഇയാളുടെ ടവർ ലൊക്കേഷൻ മറ്റൊന്നായിരുന്നുവെന്നും പൊലീസ് പറഞ്ഞു.