മണിമല : കാട്ടുമൃഗങ്ങളുടെ ശല്യം മൂലം കൃഷി ചെയ്യുവാൻ പറ്റാത്ത അവസ്ഥയ്ക്ക് പരിഹാരം കാണണമെന്നും കാട്ടുമൃഗങ്ങളുടെ ആക്രമണം മൂലം പരിക്കേൽക്കുകയും മരണപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഒഴിവാക്കുവാൻ അധികൃതർ അടിയന്തിര നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മണിമലയിൽ ഫെബ്രുവരി 17 ശനിയാഴ്ച കർഷക രക്ഷാ റാലി നടത്തും . ഇൻഫാം നെല്ലിത്താനം യൂണിറ്റിന്റെ നേതൃത്വത്തിൽ മണിമലയിലെ കർഷകരാണ് ഫെബ്രുവരി 17 ശനിയാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് റാലി നടത്തുന്നത്. മണിമല പള്ളിപ്പടിക്കൽ കർഷക രക്ഷാറാലി കെ.സി. വർഗീസ് കൂനംകുന്നേൽ പ്ളാഗ് ഓഫ് ചെയ്യും. മണിമല മാർക്കറ്റ് ജംഗ്ഷനിൽ നിന്നും അഞ്ചരയ്ക്ക് ആരംഭിക്കുന്ന റാലി മൂങ്ങാനി ജംഗ്ഷനിൽ സമാപിക്കും .സമാപന സമ്മേളനം പി.ജ. ജോസഫ്കുഞ്ഞ് ഉദ്ഘാടനം ചെയ്യും. പൊന്തൻപുഴ വനത്തിൽ നിന്നുള്ള പന്നി , നരി,കാട്ടുകോഴി ,കുരങ്ങൻ ,മൈൽ തുടങ്ങിയവയെല്ലാം കർഷകർക്ക് ദുരിതമായിരിക്കുകയാണ് . വള്ളംചിറ , നെല്ലിത്താനം , പൊന്തൻപുഴ , പുലിക്കല്ല് , മുക്കട , ചാരുവേലി ,ചതുപ്പ് ,ആലപ്ര മേഖലകളിലെ കൃഷിവകകളെല്ലാം കാട്ടുപന്നിയുൾപ്പെടെ നശിപ്പിക്കുകയാണ് . വനത്തിൽ നിന്നും മൃഗങ്ങൾ നാട്ടിലേയ്ക്ക് ഇറങ്ങാതിരിക്കാൻ സൗരോർജ വേലികളുൾപ്പെടെ സ്ഥാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം.