മണർകാട് പള്ളിയിൽ നടതുറന്നു : ദർശന സായൂജ്യമണിഞ്ഞ് വിശ്വാസ സഹസ്രങ്ങൾ 

മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ദർശന സായൂജ്യമണിഞ്ഞ് വിശ്വാസ സഹസ്രങ്ങൾ. വ്രതശുദ്ധിയോടെ നോമ്പ് നോറ്റെത്തിയ പതിനായിരങ്ങൾക്ക് ആത്മീയ നിർവൃതിയും അനുഗ്രഹവും പകർന്ന് ദർശന പുണ്യമേകി കത്തീഡ്രലിൽ നട തുറന്നു. കത്തീഡ്രലിലെ പ്രധാന മദ്ബഹയിൽ സ്ഥാപിച്ചിരിക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദർശനത്തിനായി വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന ചരിത്രപ്രസിദ്ധമായ ചടങ്ങാണു നടതുറക്കൽ. എട്ടുനോമ്പാചരണത്തിന്റെ ഏഴാം ദിവസമാണ് ‘നടതുറക്കൽ’ നടക്കുന്നത്. 

Advertisements

രാവിലെ വലിയ പള്ളിയിൽ നടന്ന മൂന്നിന്മേൽ കുർബാനയെ തുടർന്ന് നടന്ന മധ്യാഹ്നപ്രാർഥനയ്ക്കു ശേഷം വിശ്വാസികളുടെ കണ്ഠങ്ങളിൽനിന്ന് ഇടതടവില്ലാതെ ഒഴുകിയ പ്രാർഥനാ മഞ്ജരികൾക്കു നടുവിൽ നടതുറക്കൽ ചടങ്ങുകൾ നടന്നു. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ നടതുറക്കൽ ശുശ്രൂഷകൾക്ക് പ്രധാനകാർമ്മികത്വം വഹിച്ചു. കോട്ടയം ഭദ്രാസന മെത്രാപോലീത്ത തോമസ് മോർ തീമോത്തിയോസ്, എംഎസ്ഒടി സെമിനാരി റസിഡന്റ് മെത്രാപ്പോലീത്ത കുര്യാക്കോസ് മോർ തെയോഫിലോസ് എന്നിവർ സഹകാർമികത്വം വഹിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കത്തിച്ച മെഴുകുതിരിയുമായി വൈദീകരും ശെമ്മാശന്മാരും ശുശ്രൂഷകരും മദ്ബഹായിൽ പ്രാർഥനാനിരതരായി നിന്നപ്പോൾ, വിശ്വാസികൾ ഏകസ്വരത്തിൽ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേഷിക്കണമേ എന്ന് ഏറ്റുപറഞ്ഞു നടതുറക്കൽ ശുശ്രൂഷയിൽ ആത്മനിറവോടെ പങ്കെടുത്തു. വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദർശിക്കുന്നതിനും നടതുറക്കൽച്ചടങ്ങിന് സാക്ഷ്യം വഹിക്കുവാനും നാനാജാതിമതസ്ഥരായ ആയിരക്കണക്കിനു വിശ്വാസികൾ നാടിന്റെ നാനാഭാഗങ്ങളിൽനിന്നു രാവിലെ മുതൽ എത്തിക്കൊണ്ടിരുന്നു. നടതുറപ്പു സമയത്ത് വൻ തിരക്കാണ് പള്ളിക്കകത്തും പുറത്തും അനുഭവപ്പെട്ടത്. രാത്രി വൈകിയും വിശ്വാസികളുടെ ഒഴുക്കായിരുന്നു പള്ളി അങ്കണത്തിലേക്ക്.

മണർകാട് കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാൾ നാളെ സമാപിക്കും

മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാൾ നാളെ സമാപിക്കും. ഇന്ന് രാവിലെ പ്രധാന പള്ളിയിൽ നടന്ന മൂന്നിന്മേൽ കുർബാനയ്ക്ക് എംഎസ്ഒടി സെമിനാരി റസിഡന്റ് മെത്രാപ്പോലീത്ത കുര്യാക്കോസ് മോർ തെയോഫിലോസ് പ്രധാനകാർമ്മികത്വം വഹിച്ചു. തുടർന്ന് നടന്ന നടതുറക്കൽ ശുശ്രൂഷകൾക്ക് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവ പധാനകാർമ്മികത്വം വഹിച്ചു. കോട്ടയം ഭദ്രാസന മെത്രാപോലീത്ത തോമസ് മോർ തീമോത്തിയോസ്, കുര്യാക്കോസ് മോർ തെയോഫിലോസ് സഹകാർമികത്വം വഹിച്ചു. 

പെരുന്നാൾ ദിനത്തിൽ വിതരണം ചെയ്യുന്ന പാച്ചോർ നേർച്ച തയ്യാറാക്കുന്നതിനുള്ള പന്തിരുനാഴി ഘോഷയാത്ര ഉച്ചയ്ക്ക് നടന്നു. രാത്രി എട്ടിന് പ്രദക്ഷിണവും പാരമ്പര്യത്തനിമയിൽ നടത്തുന്ന മാർഗംകളിയും പരിചമുട്ടുകളിയും ആകാശവിസ്മയവും നടന്നു. പാച്ചോർ നേർച്ചയുടെ കൂപ്പൺ എടുത്തവർക്ക് പുലർച്ചെ 12 മണിയോടെ പാച്ചോർ നേർച്ച വിതരണവും ചെയ്തു തുടങ്ങും. ഇടവക ഭവനങ്ങളിലേയ്ക്കുള്ള കറിനേർച്ചയുടെ വിതരണം പള്ളിവക ഹൈസ്കൂൾ കെട്ടിടത്തിൽ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളിൽ തയ്യാറാക്കിയിട്ടുണ്ട്. പെരുന്നാൾ ദിനമായ നാളെ മൂന്നിന്മേൽ കുർബാനയ്ക്ക് മൈലാപ്പൂർ ഭദ്രാസന മെത്രാപോലീത്ത ഐസക്ക് മോർ ഒസ്താത്തിയോസ് പ്രധാനകാർമ്മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം, ആശീർവാദം. മൂന്നിന് നടക്കുന്ന നേർച്ചവിളമ്പോടെ പെരുന്നാൾ സമാപിക്കും.

മണർകാട് പള്ളിയിൽ ഇന്ന്

കരോട്ടെ പള്ളിയിൽ കുർബാന രാവിലെ ആറിന്, താഴത്തെ പള്ളിയിൽ രാവിലെ 7.30ന് പ്രഭാത പ്രാർഥന,8.30ന് മൂന്നിന്മേൽ കുർബാന – ഐസക്ക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത, ഉച്ചകഴിഞ്ഞ് രണ്ടിന് പ്രദക്ഷിണം, ആശീർവാദം. മൂന്നിന് നേർച്ചവിളമ്പ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.