കോട്ടയം : മണർകാട് സെന്റ് മേരീസ് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് വിപുലമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്. മൂന്നു ഡി.വൈ.എസ്.പി മാരുടെ നേതൃത്വത്തില്‍ അറുന്നൂറോളം പോലീസുകാരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത് . പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിനു പോലീസ് സ്പെഷ്യൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. വിവിധ സ്ഥലങ്ങളിലായി പോലീസുകാരെ ഓരോ പോയിന്റിലും കൃത്യമായി നിയോഗിച്ചിട്ടുണ്ട്.
സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനും സ്ത്രീകളുടെ സുരക്ഷ്യ്ക്കുമായി പ്രത്യേകം വനിതാ പോലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. മോഷണം, പിടിച്ചുപറി, മറ്റു സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനായി പ്രത്യേകം മഫ്തി പോലീസിനെ നിയോഗിച്ചു.കൂടാതെ എല്ലായിടത്തും ആളുകളെ നിരീക്ഷിക്കുന്നതിനായി സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതൊടനുബന്ധിച്ചു ബൈക്ക് പെട്രോളിങ്ങും കൺട്രോൾ റൂമിന്റെ പെട്രോളിങ്ങും പ്രത്യേകം ഏർപ്പെടുത്തിയിട്ടുണ്ട്. പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി പ്രത്യേക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി കഴിഞ്ഞതായും എസ്.പി.പറഞ്ഞു.