പെരുമ്പെട്ടി: മണിമലയാർ അടക്കമുള്ള ജലാശയങ്ങളിൽ നഞ്ച് കലക്കി മീൻ മിടുത്തം വ്യാപകമാകുന്നതായി പരാതി. വേനൽ കടുത്തതോടെ പല സ്ഥലങ്ങളിലും ജലനിരപ്പ് താഴ്ന്നതും, ഒഴുക്കു നിലച്ചതുമാണ് നഞ്ച് കലക്കി മീൻ പിടുത്തം വ്യാപകമാകാൻ ഇടയാക്കിയിരിക്കുന്നത്. നഞ്ച് അടക്കമുള്ള രാസവസ്തുക്കൾ ഉപയോഗിച്ച് വെള്ളത്തിൽ കലർത്തി മീൻ അടക്കമുള്ള ജീവികളെ പിടക്കുന്നതു മൂലം കുടിവെള്ളം ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയായിരിക്കുകയാണ്.
റാന്നി വലിയകാവ് ഫോറസ്റ്റ് ഡിവിഷനിലെ വലിയതോടുകളിൽ കഴിഞ്ഞ ദിവസം നഞ്ച് കലക്കിമീൻ അടക്കമുള്ള ജീവികളെ പിടികൂടിയിരുന്നു. മീൻ പിടിച്ച ശേഷം ബാക്കിയാകുന്ന അവശിഷ്ടങ്ങൾ ഇവർ വെള്ളത്തിൽ ഉപേക്ഷിക്കുകയാണ് പതിവ്. ഇത്തരത്തിൽ ജീവികളെ ഉപേക്ഷിക്കുന്നത് ചീഞ്ഞ് ജലം മലിനമാക്കപ്പെടുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തിൽ അധികൃതർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മണിമലയാറിലെ കയങ്ങളിലും മാരക വിഷം കലക്കി മീൻ പിടുത്തം നടക്കുന്നതായി പ്രദേൾ വാസികൾ പരാതിപ്പെടുന്നു.