ഇംഫാൽ: സംഘര്‍ഷങ്ങള്‍ക്കൊണ്ട് കലുഷിതമായ മണിപ്പൂരില്‍ ആള്‍ക്കൂട്ടത്തിന് വിലക്ക്. സംഘര്‍ഷം രൂക്ഷമായ ജിരിബാം ജില്ലയിലാണ് ആള്‍ക്കൂട്ടത്തിന് വിലക്കേര്‍പ്പെടുത്തിയത്. അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടരുതെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. ആയുധം കൈവശം വയ്ക്കുന്നതിനും നിരോധനമേര്‍പ്പെടുത്തി. ജിരിബാമിലെ സംഘര്‍ഷത്തില്‍ ഇന്നലെ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഇന്നലെ രാവിലെയാണ് ജിരിബാം ജില്ലയില്‍ കുക്കി, മെയ്‌തേയി വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ആറ് പേര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഇതില്‍ പതിനാറ് വയസിന് താഴെ പ്രായമുള്ള ഒരു കുട്ടിയുമുണ്ടെന്നാണ് വിവരം. പ്രദേശത്ത് ഡ്രോണ്‍, റോക്കറ്റ് ആക്രമങ്ങള്‍ രൂക്ഷമായിരിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെള്ളിയാഴ്ച മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രിയുടെ ബിഷ്ണുപുരിലെ വീടിനുനേരെയുണ്ടായ റോക്കറ്റാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെയാണ് ജിരിബാം സംഘര്‍ഷഭരിതമായത്.
ഡ്രോണ്‍ ആക്രമണങ്ങള്‍ ചെറുക്കുന്നതിന് നിരീക്ഷണം ശക്തമാക്കിയതായി മണിപ്പൂര്‍ പൊലീസ് വ്യക്തമാക്കി. മലനിരകളിലും താഴ്‌വരകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു. പ്രദേശത്ത് സൈന്യവും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ബീരേന്‍ സിംഗിന്റെ നേതൃത്വത്തില്‍ പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഗവര്‍ണര്‍ ലക്ഷ്മണ്‍ ആചാര്യയെ സാഹചര്യം അറിയിക്കുകയും ചെയ്തിരുന്നു. സുരക്ഷയ്ക്ക് സര്‍ക്കാര്‍ കൂടുതല്‍ കേന്ദ്ര ഇടപെടല്‍ തേടിയേക്കും.
മെയ് മൂന്ന് മുതല്‍ മണിപ്പൂരില്‍ ആരംഭിച്ച വംശീയ കലാപം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശക്തിപ്രാപിച്ചിരിക്കുകയാണ്. ഡ്രോണുകളും റോക്കറ്റുകളും അടക്കം പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആക്രമണം ജനങ്ങളെ കൂടുതല്‍ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഒന്നര വര്‍ഷമായി തുടരുന്ന ആക്രമണത്തില്‍ 240 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആയിരത്തിലധികം പേര്‍ ഭവനരഹിതരാകുകയും ചെയ്തു