ഇംഫാൽ: ഗോത്ര വിഭാഗങ്ങള്‍ക്കിടെയില്‍ നടത്തിയ ബഹുജനറാലിയുമായി ബന്ധപ്പെട്ട് മണിപ്പൂരിലുണ്ടായ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിൽ മണിപ്പൂരിലെ എട്ടു ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇംഫാല്‍ വെസ്റ്റ്, കാക്ചിംഗ്, തൗബല്‍, ജിരിബാം, ബിഷ്ണുപൂര്‍ ജില്ലകളിലും ഗോത്രവര്‍ഗക്കാര്‍ കൂടുതലുള്ള ചുരാചന്ദ്പൂര്‍, കാങ്‌പോക്പി, തെങ്‌നൗപാല്‍ ജില്ലകളിലുമാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് ദിവസത്തേക്ക് സംസ്ഥാനമൊട്ടാകെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചു.
മണിപ്പൂര്‍ ഹൈക്കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ മെയ്‌തി സമുദായത്തെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ പ്രതിഷേധിച്ചാണ് റാലി നടത്തിയത്. സംഭവത്തെ തുടര്‍ന്ന് ബിഷ്ണുപൂര്‍ ജില്ലയുടെ അതിര്‍ത്തിയില്‍ ഒരു സംഘം ആളുകള്‍ ഏറ്റുമുട്ടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചുരാചന്ദ്പൂര്‍ ജില്ലയില്‍ സംഘടിപ്പിച്ച റാലി അക്രമാസക്തമായി. സംഘര്‍ഷത്തെ തുടര്‍ന്ന് ഇംഫാല്‍ നഗരത്തില്‍ ആദിവാസികളുടെ വീടുകള്‍ ആക്രമിക്കപ്പെട്ടതായും റിപ്പോര്‍ട്ട് ഉണ്ട്.
ഇംഫാലിന്റെ മിക്ക ഭാഗങ്ങളിലും രാത്രി വൈകിയും പൊലീസ് കണ്ണീര്‍ വാതക ഷെല്ലാക്രമണം നടത്തി. അക്രമത്തില്‍ മരണവും നാശനഷ്ടവും ഉണ്ടായിട്ടുയെന്ന് മഖ്യമന്ത്രി ബീരേന്‍ സിങ് പറഞ്ഞു. രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തെറ്റിദ്ധാരണയാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മണിപ്പുരില്‍ 53 ശതമാനം ജനസംഖ്യയുള്ള വിഭാഗമാണ് മെയ്തി സമുദായം. മ്യാന്‍മാറില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള കുടിയേറ്റം തങ്ങളുടെ നിലനില്‍പിന് ഭീഷണി സൃഷ്ടിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മെയ്തികള്‍ സംവരണത്തിനുള്ള ആവശ്യം ഉന്നയിക്കുന്നത്. ഭൂരിപക്ഷ സമുദായത്തെ പട്ടികവര്‍ഗ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മേയ് 29നകം കേന്ദ്ര ആദിവാസി മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്യാന്‍ ഹൈക്കോടതി ഉത്തരവില്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.