തിരുവനന്തപുരം : കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിയാക്കാതിരിക്കത്തക്ക പ്രശ്നങ്ങളൊന്നും ഇപ്പോള്‍ ഞങ്ങളുടെ മുൻപിലില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജൻ പറഞ്ഞു.മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഗണേഷ്കുമാറിനെ ഉള്‍പ്പെടുത്തുന്നതില്‍ മുന്നണിയില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തയില്‍ ഒരു അടിസ്ഥാനവുമില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയോ അതിനകത്തെ ഏതെങ്കിലും ഒരു പാര്‍ട്ടിയോ ആലോചിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യാത്ത വിഷയമാണ് ഇപ്പോള്‍ ചില മാധ്യമങ്ങള്‍ ആധികാരികമായി പ്രസിദ്ധീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്പീക്കറെ മാറ്റുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും എ.എൻ ഷംസീര്‍ സ്പീക്കര്‍ ആയിട്ട് ഒരു വര്‍ഷമല്ലേ ആയിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 20-ന് യോഗം ചേരാന്‍ എല്‍.ഡി.എഫ് തീരുമാനിച്ചിട്ടുണ്ടെന്നും മുന്നണിയുടെ ഭാവി പരിപാടികള്‍ ഇതില്‍ ചര്‍ച്ചയാകുമെന്നും ഇ.പി.ജയരാജൻ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആന്റണി രാജുവും അഹമ്മദ് ദേവര്‍ കോവിലും സ്ഥാനം ഒഴിഞ്ഞ് കെ.ബി ഗണേഷ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലേക്ക് എത്തുമെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്. എ.എന്‍.ഷംസീര്‍ സ്പീക്കര്‍ സ്ഥാനം ഒഴിഞ്ഞ് പകരം വീണ ജോര്‍ജിനെ സ്പീക്കറാക്കാനാണ് നീക്കം. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ സ്പീക്കര്‍ തയാറായില്ല. മാധ്യമ വാര്‍ത്തകള്‍ മാത്രമാണ് ശ്രദ്ധയില്‍പ്പെട്ടതെന്നും മറ്റൊന്നും അറിയില്ലെന്നും സ്പീക്കര്‍ എ.എന്‍.ഷംസീര്‍ മാധ്യമങ്ങളോട് പറഞ്ഞു.