കാഞ്ഞിരപ്പള്ളിയിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
സിനിമാ ലേഖകൻ
കോട്ടയം: ടെലഗ്രാം ഗ്രൂപ്പ് വഴി മോഹൻലാലിന്റെ നൂറു കോടി ചിത്രം മരയ്ക്കാറിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസിൽ കോട്ടയം ജില്ലയിൽ ആദ്യം അറസ്റ്റ്. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫിനെയാണ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിലുള്ള സൈബർ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി പൊലീസിന്റെ സഹായത്തോടെ ജില്ലാ സൈബർ പൊലീസ് സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചിത്രത്തിന്റെ വ്യാജപ്രിന്റ് സിനിമ കമ്പനി എന്ന ടെലിഗ്രാം ഗ്രൂപ്പിൽ അപ് ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ചു നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ജില്ലാ പൊലീസ് മേധാവി ഡി.ശില്പയ്ക്ക് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ നസീഫ് തനിക്ക് തെറ്റ് പറ്റിയതായും, മാപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വീഡിയോ സന്ദേശം ഇടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പൊലീസ് സംഘം നസീഫിനെ കണ്ടെത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്.
നല്ല പ്രിന്റ് ആണെന്നും ഓഡിയോ ഹെഡ്‌സെറ്റ് ഉപയോഗിച്ച് കേൾക്കണമെന്നും പറഞ്ഞ് സിനിമ പല ഗ്രൂപ്പുകളിലേക്ക് അയച്ചു കൊടുത്ത ഇയാളെ സൈബർ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇയാളെപ്പറ്റി കൃത്യമായ വിവരം ലഭിച്ച ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം , നിരീക്ഷണത്തിനായി ടെലഗ്രാം ഗ്രൂപ്പിന്റെയും ഇയാളുടെ വാട്‌സ്അപ്പ് നമ്പരിന്റെയും വിശദാംശങ്ങൾ ജില്ലാ സൈബർ പൊലീസിനു കൈമാറി. തുടർന്നു, സൈബർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രാത്രിയിൽ തന്നെ പൊലീസ് സംഘം ഇയാളുടെ വിശദാംശങ്ങൾ ശേഖരിച്ചു.
തുടർന്നു, കാഞ്ഞിരപ്പള്ളി പൊലീസിന്റെ സഹായത്തോടെ ഞായറാഴ്ച രാവിലെ എരുമേലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മൊബൈൽ ഫോൺ ഷോപ്പിന്റെ ഉടമയാണ് ഇയാൾ. മരക്കാർ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കൂടുതൽ ആളുകൾ വരും ദിവസങ്ങളിൽ പിടിയിലാകുമെന്നാണ് സൂചന. ഇവരിൽ പലരും സൈബർ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ചിത്രത്തിന്റെ റിലീസിന് പിന്നാലെയാണ് ചിത്രം ടെലിഗ്രാമിൽ എത്തിയത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങൾ യൂട്യൂബിലും വന്നിരുന്നു.