പാലാ : ഗുരുതര തലച്ചോർ രോഗം ആധുനിക സ്റ്റെൻന്റിംഗ് ചികിത്സയിലൂടെ വിജയകരമായി മാറ്റി മാർ സ്ലീവാ മെഡിസിറ്റി. അതിരമ്പുഴ സ്വദേശിനിയായ 58 കാരിക്കാണ് തലച്ചോറിൽ ഗുരുതര രോഗം ബാധിച്ചിരുന്നത്. തലച്ചോറിലെ രക്തകുഴലിൽ വളർന്നു വന്ന കുമിളക്ക് ( അന്യൂറിസം) സിൽക്ക് വിസ്ത ഫ്ലോ ഡൈവെർട്ടർ സ്റ്റെന്റ് പ്രക്രിയ എന്ന ആധുനിക ചികിത്സ നടത്തിയാണ് ഇവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. രക്തചംക്രമണം വഴിതിരിച്ചു വിട്ടതിന് ശേഷം ധമനികളിലെ വലിയ കുമിളകളെ സുഖപ്പെടുത്തുന്ന വിദഗ്ദ്ധ ചികിത്സ രീതിയാണിത്. തലവേദനയും തലച്ചോറിൽ വന്ന രക്ത സ്രാവവുമായിട്ടാണ് അതിരമ്പുഴ സ്വദേശിനിയായ 58 കാരി മാർ സ്ലീവാ മെഡിസിറ്റി ന്യൂറോ സർജറി ആൻഡ് സ്പൈൻ സർജറി വിഭാഗത്തിൽ ചികിത്സ തേടിയത്. കൊച്ചിയിലെ പ്രധാന ആശുപത്രിയിലെ പ്രാഥമിക പരിശോധനകൾക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഇവർ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തുകയായിരുന്നു. തലയോട്ടി തുറക്കാതെ ചെയ്യുന്ന എൻഡോവാസ്ക്കുലർ സ്റ്റെന്റിംഗ് ചികിത്സ ആണ് ഇവരിൽ നടത്തിയത്. രോഗലക്ഷണങ്ങളും, ധമനിവീക്കം കണ്ടെത്തിയ സ്ഥലവും വലിപ്പവും കണക്കിലെടുത്താണ് ഏറ്റവും ആധുനികമായ സിൽക്ക് വിസ്ത സ്റ്റെന്റ് ഉപയോഗിച്ചുള്ള ഫ്ളോ ഡൈവേർഷൻ പ്രക്രിയ നടത്താൻ ഡോക്ടർമാർ തീരുമാനിച്ചത്. മാർ സ്ലീവാ മെഡിസിറ്റി ന്യൂറോസർജറി ആൻഡ് സ്പൈൻ സർജറി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. സരീഷ് കുമാർ .എം.കെ യുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ പൂർത്തിയാക്കിയത്. വലിപ്പം കൂടിയ വലിയ കഴുത്തുള്ള അന്യൂറിസങ്ങളെ (രക്തകുഴലിലെ കുമിളകളെ ) ചികിത്സിക്കുന്നത് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. മൂന്നര മണിക്കൂറോളം നീണ്ട എൻഡോവാസ്കുലാർ ചികിത്സയിലൂടെ അന്യൂറിസത്തിലേക്കുള്ള രക്ത പ്രവാഹം തടയാനും അതിന്റെ വളർച്ച തടയാനും സാധിച്ചു.അനസ്തേഷ്യോളജി വിഭാ?ഗം സീനിയർ കൺസൾട്ടന്റ് ഡോ.അനു ജനാർദ്ദനനും ശസ്ത്രക്രിയയിൽ പങ്കെടുത്തു.
നല്ല വ്യക്തതയും സൂക്ഷ്മതയും വിന്യാസവും ലഭിക്കുന്നത് കൊണ്ട് മികച്ച സുരക്ഷ ഉറപ്പ് വരുത്തുന്നതാണ് സിൽക്ക് വിസ്ത ഫ്ലോ ഡൈവെർട്ടർ സ്റ്റെന്റ് ചികിത്സ. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ ചികിത്സയിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിൽ രോഗിയെ ഡിസ്ചാർജ് ചെയ്യാനും സാധിച്ചു. തലച്ചോറിലെ ദുർഘടമായ സ്ഥലത്ത് കണ്ടെത്തുന്ന രക്തക്കുഴൽവീക്കങ്ങൾ സുരക്ഷിതമായി ചികിത്സിക്കുന്നതിൽ സിൽക്ക് വിസ്ത സ്റ്റെന്റ് ഉപയോഗിച്ചുള്ള പ്രക്രിയ ഏറെ ഫലപ്രദമാണെന്ന് ഡോക്ടർ അറിയിച്ചു. തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന ധമനികളിൽ ഉണ്ടാകുന്ന വീക്കമാണ് അന്യൂറിസം. കഠിനമായ തലവേദന, മങ്ങിയ കാഴ്ച്ച, ദ്യശ്യങ്ങൾ രണ്ടായി കാണുക, കണ്ണുകളിലെ വേദന, കൈകാലുകളിൽ അനുഭവപ്പെടുന്ന തളർച്ച, സംസാരിക്കുന്നതിനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ഇതിന്റെ പ്രാഥമിക ലക്ഷണങ്ങൾ.
ഗുരുതര തലച്ചോർ രോഗം ആധുനിക ചികിത്സയിലൂടെ മാറ്റി മാർ സ്ലീവാ മെഡിസിറ്റി; രോഗം ഭേദമാക്കിയത് അതിരമ്പുഴ സ്വദേശിനിയുടെ
Advertisements