കേരളത്തിലെ മാധ്യമപ്രവർത്തകർക്ക് ചോദിക്കാനും പറയാനും ആരുമില്ലേ..! പാരമ്പര്യമുള്ള മാധ്യമങ്ങൾ മുതൽ കൂണുപോലെ മുളച്ചു പൊന്തുന്ന ഓൺലൈൻ മാധ്യമങ്ങൾ വരെ ജീവനക്കാർക്ക് ശമ്പളം നൽകുന്നില്ല; പട്ടിണിയും പരിവെട്ടവുമായി ശ്വാസം കിട്ടാതെ പിടഞ്ഞ് മാധ്യമപ്രവർത്തകർ; അടിമപ്പണിയോ മാധ്യമപ്രവർത്തനം; ജാഗ്രതാ ചീഫ് എഡിറ്റർ ജി.വിശ്വനാഥൻ എഴുതുന്നു

ജി.വിശ്വനാഥൻ
ചീഫ് എഡിറ്റർ
ജാഗ്രതാ ന്യൂസ്

Advertisements

കോട്ടയം: ക്യാമറയും മൈക്കുമായി നിങ്ങളുടെ മുന്നിലേയ്ക്കു പുഞ്ചിരിച്ച് ഓടിയെത്തുന്ന മാധ്യമപ്രവർത്തകരുടെ ഉള്ളിൽ ഒരു കനലുണ്ട്. ഒരു തരിയായി ആളിക്കത്താൻ വെമ്പൽ കൊള്ളുന്ന തീപ്പൊരി. പളപള തിളങ്ങുന്ന ഷർട്ടും മുഖത്ത് മേക്കപ്പും ഇട്ട് എ.സി കാറിലും എസി റൂമിലുമിരുന്ന് വിധി പറയുന്ന ജഡ്ജിമാരായ മാധ്യമപ്രവർത്തകർ മാത്രമല്ല സുഹൃത്തുക്കളെ ഈ മലയാള നാട്ടിലുള്ളത്. മലയാള മനോരമയിലും, മാതൃഭൂമിയിലും, കേരള കൗമുദിയിലും ദേശാഭിമാനിയിലും മാത്രമല്ല വാർത്തയെഴുത്തുകാരുള്ളത്. വിവിധ മാധ്യമങ്ങളിൽ പല പേരിൽ അസംഖ്യം തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. ഇവർക്ക് ശമ്പളമുണ്ടോ, ഇവർക്ക് ഭക്ഷണമുണ്ടോ, ഇവർക്ക് കിടക്കാനിടമുണ്ടോ, കഴിക്കാൻ ആഹാരമുണ്ടോ..! വാർത്തയ്ക്കു പിന്നാലെ ശരവേഗത്തിൽ ചോദ്യത്തിന് ഉത്തരം തേടിയോടുന്ന മാധ്യമപ്രവർത്തകരുടെ വ്യക്തിപരമായ ഇത്തരം ചോദ്യങ്ങൾക്കു പക്ഷേ, കൃത്യമായി ഉത്തരമില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലയാള മനോരമ അടക്കം ഒന്നോ രണ്ടോ മാധ്യമങ്ങളിലെ ഒരുപറ്റം മാധ്യമപ്രവർത്തകർ, സുഭിക്ഷവും സുഖകരവുമായി അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നുണ്ടാകാം. എ.സി കാറിൽ നടക്കുന്നുണ്ടാകാം. പക്ഷേ, അതേ ഗ്രേഡിലുള്ള.. ഒരു തൊഴിൽ ചെയ്യുന്ന.. മനോരമയിലെ മാധ്യമപ്രവർത്തകരെക്കാൾ കഴിവും കാര്യശേഷിയും ആത്മാർത്ഥതയുമുള്ള ഒരു പറ്റം മാധ്യമപ്രവർത്തകർ, ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാവാതെ നെട്ടോട്ടം ഓടുമ്പോഴും, നമ്മൾ പറയും മാധ്യമപ്രവർത്തനം എന്നത് നിഷ്പക്ഷമാണത്രേ…

നിങ്ങളുടെ മുന്നിൽ ക്യാമറയും മൈക്കുമായി നെഞ്ചത്ത് ഒരു പേനയും കുത്തിയെത്തുന്ന മാധ്യമപ്രവർത്തകനെ സമൂഹത്തിന് പലപ്പോഴും കുറ്റമാണ്. അപകട സ്ഥലങ്ങളിൽ ആർത്തിയോടെ കണ്ണുമായി എത്തുന്നവനാണ് അവനെന്നു നിങ്ങൾ തന്നെ പലകുറി കുറ്റപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, പലപ്പോഴും കുറ്റപ്പെടുത്തുന്ന നിങ്ങളറിയുന്നില്ല മാധ്യമപ്രവർത്തകൻ അനുഭവിക്കുന്ന മാനസിക വ്യഥകൾ. മണ്ണിടിഞ്ഞു വീണ മലനിരകളിൽ മൃതദേഹം തിരയുന്ന ജെസിബി കൈകൾക്കൊപ്പം നെഞ്ചിടിപ്പോടെ കാത്തു നിൽക്കുന്ന മാധ്യമപ്രവർത്തകരിൽ ഭൂരിഭാഗവും ഒരു തുള്ളി വെള്ളം കുടിച്ചിട്ടുണ്ടാകില്ല, വയറ്റിൽ ഒരു വറ്റുണ്ടാകില്ല. പക്ഷേ, ഡെസ്‌കെന്ന അജ്ഞാത കേന്ദ്രത്തിൽ നിന്നുള്ള വിളിയെ കാത്തിരിക്കുമ്പോൾ, വയറ്റിലാളുന്ന വിശപ്പിന്റെ വിളിയെപ്പറ്റി അവന് ഓർമ്മിക്കാനാവുന്നുണ്ടാകില്ല. പോക്കറ്റിൽ പരതിയാൽ കാലിച്ചായ പോലും കുടിക്കാനില്ലാത്ത മാധ്യമപ്രവർത്തകനെന്നത് സിനിമയിൽ മാത്രമല്ല, കേരളത്തിലെ ഒട്ടു മിക്ക മാധ്യമപ്രവർത്തകർക്കും മാസത്തിലെ പത്താം ദിനം കഴിഞ്ഞാൽ അനുഭവമുള്ള ദുരിതക്കാഴ്ചയാണ്.

നീ എന്തിനാടാ ഈ പണിയെടുക്കുന്നത് – രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നെട്ടോട്ടം ഓടുന്ന മാധ്യമപ്രവർത്തകരിൽ, ഭൂരിഭാഗവും വീട്ടിൽ നിന്നും കേൾക്കുന്ന കുത്തുവാക്കുകളിൽ ഒന്ന് ഇതാവും. മാസത്തിൽ 30 ദിവസവും തെക്കുവടക്ക് നടന്നിട്ടും അക്കൗണ്ടിലും, പോക്കറ്റിലും നീട്ടിത്തപ്പിയാൽ പോലും പലർക്കും മിച്ചം ഓട്ടക്കാലണ മാത്രമാകും. നാലാം തൂണെന്ന പേരിൽ അറിയപ്പെടുന്നത് എന്നേ തമാശയായി മാറിക്കഴിഞ്ഞു. നട്ടെട്ടില്ലാത്ത ഉടമകളും, മാർക്കറ്റിംങ് വിഭാഗത്തിന് കൈമാറിയ കടിഞ്ഞാണും ചേർന്ന് മാധ്യമപ്രവർത്തനം എന്നത് മറ്റേതൊരു ബിസിനസ് പോലെയും ലാഭമൂറ്റാനുള്ള തന്ത്രകേന്ദ്രമായി മാറി.

ചാനലിലെ ഫ്‌ളാഷിനു പിന്നാലെ ഡെസ്‌കിൽ നിന്നും വിളിയെത്തുമ്പോൾ ഓടിയിറങ്ങുന്ന മാധ്യമപ്രവർത്തകരിൽ പലരും, ഭാര്യയുടെയും അമ്മയുടെയും ജോലിയുടെ തണലിലാണ് കഴിയുന്നത് എന്നത് പരസ്യമായ രഹസ്യമാണ്. ഭാര്യയ്ക്ക് ജോലിയില്ലെങ്കിൽ പട്ടിണിയാണ് എന്നത് പലരും സമ്മതിക്കുന്നതുമാണ്. ഇതിനിടെ രാഷ്ട്രീയക്കാരെ മണിയടിച്ചും, മാനേജ്‌മെന്റിനെ പാട്ടിലാക്കിയും ലക്ഷങ്ങളുടെ വീടും, സർക്കാരിൽ നിന്നും ഓസിന് സ്ഥലവും വാങ്ങി വീട് വയ്ക്കുന്ന കച്ചവടക്കാരും, ബ്ലേഡുകാരുമായ മാധ്യമപ്രവർത്തകരും കുറവല്ല. ഇത്തരക്കാരെ മാത്രമേ പലപ്പോഴും രാഷ്ട്രീയക്കാർക്കും സമൂഹത്തിലെ ഉന്നതർക്കും നേരിട്ട് പരിചയം ഉണ്ടാകൂ. ഇവരാകും ഓരോ മാധ്യമത്തിന്റെയും മുഖവും. ഇവരെ എതിർത്ത് പറയാൻ നട്ടെല്ലില്ലാത്ത രാഷ്ട്രീയ നേതൃത്വം ആകട്ടെ അടിത്തട്ടിൽ പറ്റിക്കിടക്കുന്ന ആത്മാർത്ഥയുള്ള പത്രപ്രവർത്തകർക്ക് പുല്ലുവില പോലും കൽപ്പിച്ചു നൽകുകയുമില്ല.

ആദർശവും ആശയവുമുണ്ട്;
പക്ഷേ, പട്ടിണി മാത്രം മിച്ചം

ആശയവും ആദർശവും ഐഡിയകളും കൈമുതലായുള്ള മാധ്യമപ്രവർത്തകരിൽ പലർക്കും ശമ്പളം അഞ്ചക്കത്തിൽ എത്തിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ മറുപടിയില്ല. ശമ്പളമില്ലാതെ മാനസികമായി ബുദ്ധിമുട്ടുമ്പോൾ, പണിയിലെന്തെങ്കിലും വീഴ്ചയുണ്ടായാൽ നോട്ടീസും, ചീത്തവിളിയും നൽകുന്ന മുകളിലെ മേലാവിമാർക്കും പേര് മാധ്യമപ്രവർത്തകർ എന്നു തന്നെയാണ് എന്നതാണ് ഒരു ആശ്വാസം. മുതലാളിയുടെ ഇഷ്ടവും അനിഷ്ടവും തിരിച്ചറിഞ്ഞ് വാർത്തയെ വൃത്തിയായി കീറിമുറിച്ച് നിരത്തി വയ്ക്കുന്ന ഈ മാധ്യപ്രവർത്തകർ തന്നെയാണ് സംഘടനയുടെ തലപ്പത്തും എത്തുന്നത്.

പത്തും മുപ്പതും വർഷം മാധ്യമപ്രവർത്തനം നടത്തിയിട്ടും, ഇന്നും തൊഴിലാളികളുടെ അവകാശങ്ങൾ പിടിച്ചു വാങ്ങാൻ നിയോഗിക്കപ്പെട്ട സംഘടനയുടെ മെമ്പർമാരാകാനാവാത്ത തൊഴിലാളികളുണ്ട്. കാരണം, മുതലാളി കത്ത് നൽകിയാൽ മാത്രമേ ഇവർ ഔദ്യോഗിക മാധ്യമപ്രവർത്തകരാകൂ. ചാനലും പത്രവും കഷ്ടകാലത്തിന്റെ കേന്ദ്രങ്ങളാകുമ്പോൾ, ഓൺലൈനുകൾ അൽപമെങ്കിലും ആശ്വാസം പകരുമെന്നാണ് മാധ്യമപ്രവർത്തകർ കരുതിയിരുന്നത്.

ഓൺലൈൻ മാധ്യമ കാലം ആരംഭിച്ചതോടെ രാഷ്ട്രീയക്കാരൻ മുതൽ പാഷാണം വിറ്റിരുന്നവൻ വരെ മാധ്യമപ്രവർത്തകനായി മാറി. ഒരു മൊബൈൽ കാറിനും പിന്നിലും മുന്നിലുമൊട്ടിച്ച പ്രസ് സ്റ്റിക്കറുമുണ്ടെങ്കിൽ അക്ഷരമറിയാത്തവനും മാധ്യമപ്രവർത്തകനായി മാറാം. യൂട്യൂബിൽ നിന്നും ഓൺലൈനിൽ നിന്നു കിട്ടുന്നതും നാട്ടുകാരെ പേടിപ്പിച്ച് കിട്ടുന്നതും പൂഴ്ത്തിവയ്ക്കുന്നതല്ലാതെ, ഒപ്പം പണിയെടുക്കുന്ന കുട്ടികൾക്ക് പത്ത് പൈസ നൽകാൻ പോലും ഈ ഓൺലൈൻ ഭീകരന്മാർ തയ്യാറാകുന്നില്ല. പട്ടിണി കിടന്ന് നട്ടെല്ലൊട്ടിപ്പിടിച്ച് മാധ്യമപ്രവർത്തകരിൽ പലരും അഭിമാനം ഓർത്തു മാത്രമാണ് ആത്മഹത്യ ചെയ്യാത്തത്. സത്യം തുറന്നുപറയുന്നവരും പച്ചയ്ക്കു പറയുന്നവരും സമൂഹത്തിലേയ്ക്കു കണ്ണു തുറന്നു പിടിച്ചവരും പക്ഷേ, ഒപ്പമുള്ളവരുടെ കീശയിലേയ്ക്കു എന്തെങ്കിലും നൽകുന്നുണ്ടോ എന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നു. ആദർശത്തിന്റെ പേരിൽ ആത്മ രോഷം അണപൊട്ടിക്കുന്നവരുടെ ഒപ്പമുള്ളവർ പട്ടിണികിടക്കുമ്പോഴും, ഇവർ നാട്ടുകാരെ വിരട്ടി കാശടിക്കുന്നുണ്ടെന്നത് പച്ചപ്പരമാർത്ഥമാണ്.

പത്തും പതിനഞ്ചും വർഷം മാധ്യമപ്രവർത്തകരായി പണിയെടുത്തവരിൽ പലർക്കും ലഭിക്കുന്ന ശമ്പളം പക്ഷേ പുറത്ത് പറയാൻ പോലും സാധിക്കില്ല. ആളുകൾ കൂടുന്ന സദസുകളിൽ ഒഴിഞ്ഞു മാറാൻ വിധിക്കപ്പെട്ടവനായി മാറി. സ്വന്തം പിഞ്ചു കുഞ്ഞിന് കളിപ്പാട്ടം വാങ്ങി നൽകാൻ പണമില്ലാതെ, സ്‌കൂൾ ഫീസ് അടയ്ക്കാൻ പറ്റാതെ, വീട്ടിലേയ്ക്കു അരിവാങ്ങാനാവാതെ, ആരും കാണാതെ കണ്ണ് തുടച്ച് വാർത്താ വേളയിലേയ്ക്ക് ഊളിയിടുന്നവരാണ് ഓരോ മാധ്യപ്രവർത്തകരും.. മാധ്യമപ്രവർത്തനം എന്നത് കുത്തകമുതലാളിമാർക്ക് സേവനമല്ല, പക്ഷേ, മാധ്യമപ്രവർത്തകന് സേവനം ആകണം. പട്ടിണി കിടന്നും മുണ്ട് മുറുക്കിയിടുത്തും ഇനിയുള്ള കാലം ഒരു മാധ്യമപ്രവർത്തകനും ജനിക്കില്ല. പേനത്തുമ്പിൽ നിന്നും ഒരു കലാപം കൂടി ഇനി ഉണ്ടായില്ലെങ്കിൽ കേരളത്തിൽ ഇനി തൂങ്ങിയാടുന്നത് ഓരോ മാധ്യമപ്രവർത്തകന്റെയും ആത്മാവാകും…!

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.