കൊച്ചി : സംപ്രേഷണം തടഞ്ഞ കേന്ദ്ര നടപടി ശരിവെച്ച സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ മീഡിയവൺ ചാനൽ നൽകിയ അപ്പീൽ ഇന്ന് ഡിവിഷൻ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് ആണ് അപ്പീൽ ഹർജികൾ പരിഗണിക്കുക. മാധ്യമം ബ്രോഡ്കാസ്റ്റ് ലിമിറ്റഡ്, പത്രപ്രവർത്തക യൂണിയൻ, മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ എന്നിവരാണ് അപ്പീൽ ഹർജി നൽകിയിട്ടുള്ളത്.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇന്‍റലിജൻസ് റിപ്പോർട്ട് തന്നെ സംശയാസ്പദമാണെന്നും, ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ചാനലിനെ കേൾക്കാതെ ലൈസൻസ് റദ്ദാക്കിയ നടപടി ഭരണഘടനാവിരുദ്ധമാണെന്നും അപ്പീൽ ഹർജിയിൽ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു വാർത്താചാനലിന് അപ്‍ലിങ്കിംഗിന് അനുമതി നൽകാനുള്ള പോളിസി പ്രകാരം ലൈസൻസ് പുതുക്കുമ്പോൾ ഓരോ തവണയും പുതിയ സുരക്ഷാ അനുമതി ആവശ്യമില്ലെന്ന വാദം സിംഗിൾ ബഞ്ച് പരിഗണിച്ചില്ല എന്ന് അപ്പീൽ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഒരു വാർത്താചാനലാകുമ്പോൾ ഭരണകൂടത്തെ തൃപ്തിപ്പെടുത്തി എന്നും വാർത്തകൾ നൽകാനാകില്ലെന്നും ഹർജിയിൽ പറയുന്നു. പുരാണവാക്യങ്ങൾ ഉൾപ്പെടുത്തിയല്ല ഭരണഘടനാ തത്വങ്ങൾ അനുസരിച്ചാണ് കേസ് പരിഗണിക്കേണ്ടിയിരുന്നതെന്നും അപ്പീലിൽ ഹർജിക്കാർ പറയുന്നു.
നേരത്തെ, കേന്ദ്രസർക്കാർ ഹാജരാക്കിയ രഹസ്യാന്വേഷണ റിപ്പോർട്ടുകളിലെ പരാമർശങ്ങൾ ഗൗരവതരമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസ് എൻ നഗരേഷിന്‍റെ സിംഗിൾ ബഞ്ച് മീഡിയ വൺ ചാനലിന്‍റെ ഹർജി തള്ളിയത്.