വാഷിംങ്ങ്ടൺ : സൂപ്പർ താരം ലയണൽ മെസ്സിയുടെ ഇരട്ട അസിസ്റ്റിൽ 2022ലെ എം.എൽ.എസ് കപ്പ് ചാമ്പ്യന്മാരെയും വീഴ്ത്തി ഇന്റർ മയാമി. മേജർ ലീഗ് സോക്കറിൽ ലോസ് ഏഞ്ചൽസ് എഫ്.സിയെ (എൽ.എ.എഫ്.സി) ഒന്നിനെതിരെ മൂന്ന് ഗോളിനാണ് മെസ്സിയും സംഘവും തകർത്തുവിട്ടത്. മയാമിക്കായി ഫകുണ്ടോ ഫാരിയസ്, ജോർഡി ആൽബ, ലിയനാഡോ കംപാന എന്നിവരാണ് ഗോളടിച്ചത്. റ്യാൻ ഹോളിങ്സ് ഹെഡിന്റെ വകയായിരുന്നു എൽ.എ.എഫ്.സിയുടെ ആശ്വാസ ഗോൾ. വിജയത്തോടെ തുടർച്ചയായ 11 മത്സരങ്ങളിൽ തോൽവിയറിഞ്ഞില്ലെന്ന നേട്ടം ഇന്റർ മയാമി സ്വന്തമാക്കി. മെസ്സിയുടെ വരവിന് ശേഷം തുടർച്ചയായ ഒമ്പത് മത്സരങ്ങളിൽ വിജയിച്ച ഇന്റർ മയാമി കഴിഞ്ഞ മത്സരത്തിൽ നാഷ് വില്ലെക്കെതിരെ സമനില വഴങ്ങിയിരുന്നു.
Advertisements