കോട്ടയം : ഡിജിറ്റൽ മേഖലയിൽ അനുദിനമെന്നോണം വളർന്നു വരുന്ന പുത്തൻ സങ്കേതങ്ങൾ അക്കാദമിക് രംഗത്തെ മുന്നേറ്റങ്ങൾക്കായി പ്രയോജനപ്പെടുത്തുവാൻ സർവ്വകലാശാലകളും ഗവേഷണകേന്ദ്രങ്ങളും ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങളും തയ്യാറാകണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പറഞ്ഞു. മഹാത്മാഗാന്ധി സർവ്വകലാശാല കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സുമായി സഹകരിച്ച് നടപ്പാക്കുന്ന ‘റീഡ് ആന്റ് പബ്ലിക്’ പദ്ധതിയുടെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അവർ.
ഗവേഷണ പദ്ധതികൾ അക്കാദമിക പുരോഗതിക്കും പ്രാദേശിക വികസനത്തിനും ഊന്നൽ നൽകിയുള്ളതാകണമെന്നതാണ് സർക്കാർ നിലപാട്. ആഗോളതലത്തിൽ ലഭ്യമായിട്ടുള്ള അറിവുകൾ സമാഹരിച്ച് ശരിയായ വിധത്തിൽ പ്രയോജനപ്പെടുത്താൻ ഡിജിറ്റൽ മേഖലയിലും വിവര സാങ്കേതികവിദ്യാ രംഗത്തും പുതുതായി വരുന്ന സങ്കേതങ്ങൾ ഏറെ സഹായകമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇക്കാര്യത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാല എടുത്തിട്ടുള്ള ചുവടുവയ്പ്പുകൾ അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു.
മഹാത്മാഗാന്ധി സർവ്വകലാശാലയിലെ ഗവേഷണ പിരസിദ്ധീകരണ വിഭാഗങ്ങളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നതാണ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സുമായി ചേർന്ന് നടപ്പാക്കുന്ന ‘റീഡ് ആന്റ് പബ്ലിഷ്’ പദ്ധതിയെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് പറഞ്ഞു. സർവ്വകലാശാല ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ (ഐ.ക്യു.എ.സി.) ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രൊ-വൈസ് ചാൻസലർ പ്രൊഫ. സി.റ്റി. അരവിന്ദകുമാർ, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി അക്കാദമിക്-ഗവേഷണ വിഭാഗങ്ങളുടെ മേധാവി അജയ് പ്രതാപ് സിങ്ങ്, ഐ.ക്യു.എ.സി. ഡയറക്ടർ പ്രൊഫ. റോബിനറ്റ് ജേക്കബ് തുടങ്ങിയവരും പങ്കെടുത്തു.
ഇതാദ്യമായാണ് കേരളത്തിലെ ഏതെങ്കിലും ഒരു സർവ്വകലാശാല കേംബ്രിഡ്ജ് സർവ്വകലാശാല പ്രസ്സുമായി ഇത്തരത്തിലൊരു സംയുക്ത പദ്ധതിയിൽ പങ്കാളിയാകുന്നത്. അന്തർദേശീയതലത്തിൽ പ്രസിദ്ധീകരണങ്ങൾ സൗജന്യമായി പ്രസിദ്ധീകരിക്കുന്നതിനും അത്തരത്തിലുള്ള പ്രസിദ്ധീകരണങ്ങൾ റഫറൻസിനും മറ്റ് അക്കാദമിക ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്നതിനും ഗവേഷകർക്ക് അവസരം നൽകുന്നതാണ് പദ്ധതി. നാല്പത്തിനാലായിരത്തിലധികം ഇ-ബുക്കുകളാണ് മഹാത്മാഗാന്ധി സർവ്വകലാശാലയിലെ ഗവേഷകർക്കും അദ്ധ്യാപകർക്കും ഗവേഷണ വിദ്യാർത്ഥകൾക്കും പദ്ധതിയിലൂടെ ലഭ്യമാകുന്നത്.