വെറും ഞരമ്പ് രോഗമോ , സാമൂഹിക രോഗമോ ? പരസ്യമായ് മാറിയ നഗ്നത പ്രദർശനം;
മലയാളിയുടെ ‘തിരുത്തപ്പെടേണ്ട സ്വഭാവ വൈകല്യം’ : സിഎംഎസ് കോളജിലെ പുതു തലമുറ ചർച്ച ചെയ്യുന്നു

Special story

പൊതു ഇടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള നഗ്നതാപ്രദർശനവും അതിക്രമവും നാൾക്ക് നാൾ വർധിച്ചു വരികയാണ്. പരസ്യമായി കുറച്ച് ആളുകൾ എങ്കിലും പ്രതികരിക്കുന്നുണ്ടെങ്കിൽ കൂടി ഈ പ്രവണതയ്ക്ക് ഒരു മാറ്റവും വന്നിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു വ്യക്തിയുടെ ഏറ്റവും സ്വകാര്യമായ നഗ്നത പോലും ഇപ്പോൾ സ്വകാര്യതയല്ല. ആളും തരവും നോക്കാതെ, സമയമോ സാഹചര്യമോ പരിഗണിക്കാതെ പൊതു ഇടങ്ങളിൽ പോലും സ്ത്രീകൾക്കു നേരെയുള്ള നഗ്നതാ പ്രദർശനവും, അക്രമവും നാൾക്കു നാൾ വർധിച്ചു വരികയാണ്.

പിടിക്കപ്പെട്ടാൽ ശിക്ഷ ഉണ്ടന്ന് അറിയാം. എങ്കിലും തെറ്റു വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുകയാണ്. പൊതു സ്ഥലങ്ങളിൽ പ്രത്യേകിച്ച് ബസിലാണ് ഇത്തരത്തിലുള്ള നഗ്‌നതാ പ്രദർശനം കൂടുതലും നടക്കുന്നത്. കേരളത്തിന്റെ അങ്ങോളം ഇങ്ങോളം ഇത്തരത്തിലുള്ള സംഭവങ്ങൾ ഇതിനകം തന്നെ റിപ്പോർട്ട് ചെയ്തിട്ടും ഉണ്ട്.

കാഞ്ഞങ്ങാടു നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കു നേരെ പീഡനശ്രമം ഉണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് സഹയാത്രികനായ കണ്ണൂര്‍ സ്വദേശി ഷംസുദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് മലപ്പുറം വളാഞ്ചേരിയിൽ എത്തിയപ്പോഴായിരുന്നു സംഭവം.

ഇതേ സീറ്റിലെ യാത്രക്കാരനായിരുന്നു ഷംസുദ്ദീൻ. ഇയാളുടെ ഉപദ്രവം സഹിക്കാനാകാതെ ബസ് കോഴിക്കോടെത്തിയപ്പോൾ തന്നെ യുവതി സഹയാത്രികയോട് വിവരം പറഞ്ഞിരുന്നു. തുടർന്ന് സഹയാത്രിക, കണ്ടക്ടറെ വിവരം അറിയിച്ചു. കണ്ടക്ടർ ഷംസുദ്ദീനെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തി.

ഇതിനിടെ ബസ് വളാഞ്ചേരിയിൽ എത്തിയപ്പോൾ ഷംസുദ്ദീൻ യുവതിയുടെ അടുത്തത്തെത്തി വീണ്ടും പ്രശ്നമുണ്ടാക്കി. തുടർന്ന് ഷംസുദ്ദീനെതിരെ പരാതി നൽകണമെന്ന് യുവതി ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് ബസ് വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിച്ചാണ് പരാതി നൽകിയത്.
ഇത് ഒരു സംഭവം.

തലസ്ഥാനത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ അതിക്രമം നടത്തിയ യുവാവിനെ നാട്ടുകാരാണ് കഴിഞ്ഞ ദിവസം പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. തിരുവനന്തപുരത്ത് നിന്നും പൂവാറിലേക്ക് പോയ ബസിലായിരുന്നു സംഭവമുണ്ടായത്. സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് പരാതിക്കാരി. പിൻ സീറ്റിൽ ഇരുന്ന യുവാവ് കാലുകൊണ്ട് മോശമായി സ്പർശിച്ചുവെന്നായിരുന്നു പരാതി. യുവതി ബഹളം വെച്ചതിനെത്തുടർന്ന് സഹയാത്രികർ പ്രതിയെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

അതിനിടെ കൊച്ചിയിൽ പട്ടാപ്പകൽ കെഎസ്ആർടിസി ബസിൽ യാത്രക്കാരിയായ യുവനടിയോട് മോശമായി പെരുമാറിയ യുവാവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് സ്വദേശി സവാദിനെതിരെയാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തത്.

അങ്കമാലിയിൽ വെച്ചാണ് ചലച്ചിത്രതാരവും മോഡലുമായ യുവതിക്ക് ദുരനുഭവമുണ്ടായത്. തൃശൂരിൽ നിന്നും എറണാകുളത്തേക്ക് ഷൂട്ടിംഗിനായി പോകവേയാണ് നടിക്ക് സഹയാത്രികന്‍റെ അടുത്ത് നിന്നും മോശമായ പെരുമാറ്റം ഉണ്ടായത്. ദേശീയപാതയിൽ അത്താണിയിൽ വെച്ചായിരുന്നു സംഭവം. അങ്കമാലിയിൽ നിന്നുമാണ് യുവാവ് ബസിൽ കയറുന്നത്. യുവതിയുടെ അടുത്തായി വന്നിരുന്നു, അപ്പുറത്ത് മറ്റൊരു യാത്രക്കാരിയുണ്ടായിരുന്നു.

ബസിൽ കയറിയതുമുതൽ ഇയാള്‍ ഒരു കൈകൊണ്ട് ശരീരത്ത് ഉരസാൻ തുടങ്ങി. കുറച്ച് കഴിഞ്ഞതോടെ പാന്‍റിന്‍റെ സിബ്ബ് തുറന്ന് നഗ്നത പ്രദർശിപ്പിക്കുയും സ്വയം ഭോഗം ചെയ്യുകയും ചെയ്തു. ഇത് ശ്രദ്ധയിൽ പെട്ടതോടെ യുവാവറിയാതെ മൊബൈലില്‍ വീഡിയോ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. കണ്ടക്ട‍ര്‍ കൂടിയിടപെട്ടാണ് പ്രതിയെ പിടികൂടിയത്.

തൊടുപുഴയിലും അടുത്തിടെ ഇത്തരം ഒരു സംഭവം കെഎസ്ആർടിസി ബസിൽ ഉണ്ടായി. എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുകയായിരുന്ന ബസിൽ വെച്ചാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. സംഭവത്തിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുസമ്മിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബസിൽ നിന്ന് പുറത്തു ചാടാൻ ശ്രമിച്ച മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ പ്രതി മുസമ്മിലിനെ കണ്ടക്ടറും സഹയാത്രികരും ചേർന്ന് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

മുന്നു മണിയോടെ മൂവാറ്റുപുഴക്കും വാഴക്കുളത്തിനുമിടയിലാണ് സംഭവം നടന്നത്. മുവാറ്റുപുഴയില്‍ നിന്നു ബസില്‍ കയറിയ പ്രതി യുവതിക്കരികെ ഇരിക്കുകയും ഉറങ്ങിപോയ സമയത്ത് ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നുമാണ് പരാതി. യുവതി സീറ്റ് മാറിയിരുന്നെങ്കിലും പ്രതി വീണ്ടും പുറകെ വന്ന് കയറിപ്പിടിച്ചുവെന്നും പരാതിയില്‍ പറയുന്നു.

യുവതി ബഹളം വെച്ചതോടെ കണ്ടക്ടറും സഹയാത്രികരും ഇടപെടുകയായിരുന്നു. കണ്ടക്ടറോടും യാത്രക്കാരോടും തർക്കിച്ച പ്രതി വാഹനത്തിൽ നിന്ന് ഇറങ്ങി രക്ഷപ്പെടാൻ ശ്രമം നടത്തി. എന്നാൽ വാതിലുകളും ജനലുകളും അടച്ച് ബസ്സിലുള്ളവർ അത് തടഞ്ഞു. തുടര്‍ന്ന് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിയെ എത്തിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ റിമാന്‍റു ചെയ്തു.

കണ്ണൂർ ചെറുപുഴയിൽ സ്വകാര്യ ബസിൽ നഗ്നത പ്രദർശനം നടത്തിയ പ്രതിയെ പൊലീസ് പിടി കൂടുക ഉണ്ടായി. ചിറ്റാരിക്കൽ നല്ലോം പുഴ സ്വദേശി നിരപ്പിൽ ബിനുവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഇന്ന് പുലർച്ചെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ചെറുപുഴയിൽ നിന്ന് തളിപ്പറമ്പിലേക്ക് പോകാൻ ബസ്റ്റാന്റിൽ നിർത്തിയിട്ട സ്വാകര്യ ബസിലാണ് യാത്രക്കാരിക്ക് ദുരനുഭവം ഉണ്ടായത്. യുവതി ബസിൽ കയറിയപ്പോൾ ഇയാൾ മാത്രമായിരുന്നു യാത്രക്കാരനായി ബസിലുണ്ടായിരുന്നത്. പിന്നീട് യുവതിയുടെ സമീപത്തെ സീറ്റിൽ വന്നിരുന്ന പ്രതി യാത്രക്കാരിയുടെ ശ്രദ്ധ തന്നിലേക്ക് തിരിച്ചാണ് നഗന്താ പ്രദർശനം നടത്തിയത്.

ദൃശ്യം മൊബൈലിൽ പകർത്തുന്നുണ്ടെന്ന് മനസ്സിലായിട്ടും കൂസലൊന്നുമില്ലാതെ ഇയാൾ പ്രവൃത്തി തുടർന്നു. ബസ് ജീവനക്കാർ എത്തിയതോടെ ഇയാൾ പെട്ടെന്ന് ഇറങ്ങിപ്പോയി. സംഭവത്തിൽ പകച്ചുപോയ യുവതി പിന്നീട് ഇക്കാര്യ ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപെടുത്തുകയും പ്രതിയെ അന്വേഷിക്കുകയും ചെയ്തു എന്നാൽ കണ്ടെത്താനായില്ല. തുടർന്ന് ദൃശ്യങ്ങൾ യുവതി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ശക്തമായ നടപടി ഉണ്ടാകുമെന്ന് പയ്യന്നൂർ ഡിവൈഎസ്പി പ്രേമചന്ദ്രൻ അറിയിച്ചിരുന്നു.

പറഞ്ഞാൽ ഇത്തരത്തിലുള്ള ഒട്ടനവധി അനുഭവങ്ങളാണ് കേരളത്തിന്റെ വിവിധ ഇടങ്ങളിൽ നിന്ന് സ്ത്രീകൾക്ക് നേരിടേണ്ടി വന്നത്. കുറ്റം ചെയ്താലും ചെറിയ ശിക്ഷയിൽ ഒരുങ്ങി പൊയ്ക്കോളും എന്ന ധാരണയാകാം ഇത്തരം ഞരമ്പൻമാർക്ക് കിട്ടുന്ന പ്രോത്സാഹനം. അതിനാൽ കുറ്റകൃത്യങ്ങൾക്ക് എതിരെ ശക്തമായ ശിക്ഷാനടപടികൾ ആണ് കേരളത്തിൽ നടപ്പിലാക്കേണ്ടത്. അത് തന്നെയാണ് ആവശ്യവും.

Hot Topics

Related Articles