ശബരിമല: നെയ് തേങ്ങയെന്ന് കരുതി ഭക്തൻ അബദ്ധത്തിൽ സന്നിധാനത്തെ ആഴിയിലേക്ക് വലിച്ചെറിഞ്ഞ മൊബൈൽ ഫോൺ അഗ്നിരക്ഷാ സേനയുടെ സമയോചിത ഇടപെടൽ മൂലം തിരികെ ലഭിച്ചു. രക്ഷാപ്രവർത്തനത്തിനിടെ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥന് പൊള്ളലേറ്റു.
കിളിമാനൂർ പള്ളിക്കൽ ആനകുന്നം ചന്ദന ഹൗസിൽ അഖിൽ രാജിന്റെ മുപ്പതിനായിരം രൂപയോളം വില വരുന്ന മൊബൈൽ ഫോണാണ് അഗ്നിരക്ഷാ സേനയുടെ ഇടപെടൽ മൂലം ആഴിയിൽ നിന്നും വീണ്ടെടുത്തത്.ഫയർ ഓഫീസറായ വി. സുരേഷ് കുമാറിനാണ് പൊള്ളലേറ്റത്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഭിഷേകത്തിന് നെയ്യ് ശേഖരിച്ച ശേഷം ആഴിയിലേക്ക് തേങ്ങ വലിച്ചെറിയുന്നതിനിടെ മൊബൈൽ ഫോണും ആഴിയിൽ വീഴുകയായിരുന്നു. അഗ്നിരക്ഷാസേനയുടെ സന്നിധാനം കൺട്രോൾ റൂമിൽ വിവരം അറിയിച്ചതിനെ തുടർന്ന് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ കെ പി മധുവിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ റെസ്ക്യു ഓഫീസർ ഗണേശൻ , ഫയർ ഓഫീസർമാരായ വി സുരേഷ് കുമാർ , പി വി ഉണ്ണികൃഷ്ണൻ ഇന്ദിരാ കാന്ത്, എസ്.എൽ അരുൺകുമാർ എന്നിവരുടെ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. നേരിയ പൊള്ളലേറ്റ സുരേഷ് കുമാർ സന്നിധാനം ഗവൺമെൻറ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.