ദില്ലി: നിഷ്കളങ്കമായ ഒരു കൂട്ടം ജനങ്ങളുടെ കൂട്ടകുരുതിക്ക് കാരണമാകുന്ന ഇസ്രയേൽ – ഹമാസ് യുദ്ധ സാഹചര്യം ജോർദാൻ രാജാവുമായി ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സാധാരണ ജനങ്ങൾക്ക് ജീവൻ നഷ്ടമാകുന്നതിൽ ആശങ്കയുണ്ടെന്നായിരുന്നു മോദിയുടെ പ്രതികരണം. മാനുഷിക വിഷയങ്ങൾ പരിഹരിക്കാൻ കൂട്ടായ നടപടികൾ വേണമെന്നും ആവശ്യപ്പെട്ടതായി ഇന്ത്യൻ പ്രധാനമന്ത്രി അറിയിച്ചു. ഇക്കാര്യം മോദി തന്നെയാണ് എക്സിലൂടെ അറിയിച്ചത്.
അതിനിടെ ‘ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും കേരളത്തില്‍ നിന്നുളള 26 പേരടക്കമുള്ള മലയാളികൾ കൂടി ഇന്ന് തിരിച്ചെത്തിയിട്ടുണ്ട്. ഇവരില്‍ 16 പേര്‍ നോര്‍ക്ക റൂട്ട്സ് മുഖേന ഇന്ന് (ഒക്ടോ 23) നാട്ടില്‍ തിരിച്ചെത്തി. 14 പേര്‍ രാവിലെ 07. 40 നുളള ഇന്‍ഡിഗോ വിമാനത്തില്‍ കൊച്ചിയിലും രണ്ടു പേര്‍ രാവിലെ തിരുവനന്തപുരത്തുമാണ് എത്തിയത്. ഇവര്‍ക്ക് ദില്ലിയില്‍ നിന്നുളള വിമാനടിക്കറ്റുകള്‍ നോര്‍ക്ക റൂട്ട്സ് ലഭ്യമാക്കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ ഇസ്രയേലുമായുള്ള യുദ്ധത്തിൽ തകർന്ന പലസ്തീന് ഇന്ത്യ ആദ്യഘട്ടത്തിൽ മരുന്നുകൾ, ടെന്റുകൾ, ശസ്ത്രക്രിയ ഉപകരണങ്ങൾ തുടങ്ങിയവ അയച്ചിരുന്നു. 6.5 ടൺ വൈദ്യസഹായ സാമഗ്രികളും 32 ടൺ ദുരന്ത നിവാരണ സാമഗ്രികളും വഹിച്ചുകൊണ്ടുള്ള വ്യോമസേനാ വിമാനം ഐ എഎഫ് സി – 17 ഞായറാഴ്ച പുറപ്പെട്ടതായാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
ഈജിപ്തിലെ അൽ – അരിഷ് വിമാനത്താവളത്തിലാണ് ലാൻഡ് ചെയ്യുക. അവശ്യ ജീവൻ രക്ഷാ മരുന്നുകൾ, ശസ്ത്രക്രിയാ വസ്തുക്കൾ, ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, ടാർപോളിനുകൾ, സാനിറ്ററി യൂട്ടിലിറ്റികൾ, വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ഗുളികകൾ എന്നിവയും അവശ്യവസ്തുക്കളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.