മൂലവട്ടം: ദിവാൻ കവലയിൽ സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന സ്തൂപവും, രക്തസാക്ഷി മണ്ഡപവും കൊടിമരവും തകർത്ത സംഭവത്തിൽ വൻ ഗൂഡാലോചനയുണ്ടെന്നു സി.പി.എം ലോക്കൽ കമ്മിറ്റി ആരോപിച്ചു. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ നേതൃത്വത്തിൽ നഗരസഭ അംഗം ഷീനാ ബിനുവിന്റെ അറിവോടെയാണ് അക്രമം നടത്തിയത്. പ്രകോപനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദേശത്ത് കോൺഗ്രസ് ഇടപെടൽ നടത്തുന്നതെന്നും ലോക്കൽ സെക്രട്ടറി നോമി മാത്യു ആരോപിച്ചു.
ദിവാൻ കവലയിലെ ഇന്ദിരാഗാന്ധി സ്തൂപത്തിൽ ചുവപ്പ് പെയിന്റടിച്ചു എന്ന ആരോപണമാണ് ഇപ്പോൾ കോൺഗ്രസ് ഉയർത്തുന്നത്. ഈ വിഷയം നേരത്തെ തന്നെ പരിഹരിച്ചതായിരുന്നു. സ്തൂപത്തിൽ ചുവപ്പ് പെയിന്റ് അടിച്ചത് നീക്കം ചെയ്ത് പൂർവ സ്ഥിതിയിൽ ആക്കിയിട്ടുണ്ട്. എന്നാൽ, ഇന്ദിരാഗാന്ധി പ്രതിമയിൽ പെയിന്റ് അടിച്ചതിന്റെ പേരിലാണ് ജില്ലാ സമ്മേളനത്തിനായി തയ്യാറാക്കിയ സ്തൂപം തകർത്തത് എന്നു വരുത്തിത്തീർക്കാനാണ് ഇപ്പോൾ കോൺഗ്രസ് ശ്രമിക്കുന്നത്. ഇത് മനപൂർവം അക്രമം സൃഷ്ടിക്കുന്നതിനു വേണ്ടിയാണെന്നും സി.പി.എം ലോക്കൽ കമ്മിറ്റി ആരോപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് മൂലവട്ടം ദിവാൻകവലയിൽ സി.പി.എം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ബോർഡും, കൊടിമരവും സ്തൂപവും രക്തസാക്ഷി മണ്ഡവും ഒരു സംഘം തകർത്തത്. ആക്രമണത്തിനു പിന്നിൽ കോൺഗ്രസ് ആണെന്ന് ആരോപിച്ച് സി.പി.എം രംഗത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കോൺഗ്രസ് സി.പി.എമ്മിനെതിരെ പ്രതികരണവുമായി എത്തിയത്. ഇതിനെതിരെയാണ് ഇപ്പോൾ സി.പി.എം തിരിച്ചടിച്ചിരിക്കുന്നതും.