മുലയൂട്ടാം; അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും മനസ്സിനും; കോഴിക്കോട് ആസ്റ്റർ മിംസിലെ ഡോ.ഇ.കെ സുരേഷ്‌കുമാർ എഴുതുന്നു

ഡോ. സുരേഷ് കുമാർ ഇ കെ, പീഡിയാട്രിക്‌സ് സീനിയർ കൺസൾട്ടന്റ് & എച്ച് ഒഡി ആസ്റ്റർ മിംസ് ,കോഴിക്കോട്

ഗർഭകാലം ഏതൊരു സ്ത്രീക്കും ഒരുപാട് മാനസിക സംഘർഷങ്ങളുടെ ദിനങ്ങൾ കൂടിയാണ്. ശാരീരികമായും വൈകാരികമായും ഏറെ പിടിച്ചുലയ്ക്കുന്ന ദിവസങ്ങൾ. അടിക്കടിയുണ്ടാകുന്ന മൂഡ് സ്വിങ്‌സ്, വിഷാദം, പിരിമുറുക്കം, ഹോർമോൺ വൃതിയാനങ്ങൾ, പരിപാലിച്ചു കാത്തുസൂക്ഷിച്ചിരുന്ന ശരീരത്തിൽ വരുന്ന മാറ്റങ്ങൾ, അങ്ങനെ എന്തെല്ലാം! അതിനെല്ലാം പ്രകൃതി തന്നെ ഒരുക്കിവെച്ചിരിക്കുന്ന ഒരു മറുമരുന്നാണ് മുലയൂട്ടൽ. ഒരമ്മയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിൽ ഒന്ന്. ഒരു ഗർഭിണി അതുവരെയനുഭവിച്ചിരുന്ന മാനസിക, വൈകാരിക പ്രശ്‌നങ്ങൾക്ക് ആശ്വാസമാകാനും മുലയൂട്ടലിന് കഴിയും.
ഒരു കുഞ്ഞ് ജനിച്ചുകഴിഞ്ഞാലുടൻ മുലയൂട്ടലും തുടങ്ങണം. കാരണം ഭൂമിയിലെ ആ കുഞ്ഞിന്റെ നിലനിൽപ്പിന് മുലപ്പാലിനോളം സഹായകമായ മറ്റൊന്നുമില്ല. മുലപ്പാൽ കിട്ടാത്തത് കൊണ്ട് മാത്രം ലോകത്താകമാനം ഓരോ വർഷവും എട്ട് ലക്ഷത്തിലധികം കുട്ടികൾ മരിക്കുന്നു. ആവശ്യത്തിന് മുലപ്പാൽ കിട്ടാത്തത് കാരണം ഒരുപാട് കുഞ്ഞുങ്ങൾ ജീവിതകാലം മുഴുവൻ ആരോഗ്യപ്രശ്‌നനങ്ങൾ പേറുകയും ചെയ്യുന്നുണ്ട്. ഈ വിഷയങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധയെത്തിക്കാനാണ് എല്ലാ വർഷവും ഓഗസ്റ്റിലെ ആദ്യത്തെ ഏഴ് ദിവസങ്ങൾ ലോകാരോഗ്യ സംഘടനാ മുലയൂട്ടൽ വാരമായി ആചരിക്കുന്നത്. മുലയൂട്ടലിന്റെ ഗുണങ്ങളെ കുറിച്ച് ഗർഭിണികൾ അറിഞ്ഞിരിക്കണം. അതിന് അവർക്കാവശ്യമായ സഹായവും പിന്തുണയും എല്ലാവരുടെയും ഭാഗത്ത് നിന്ന് ഉണ്ടാവുകയും ചെയ്യണം. ഇതാണ് 2022 ലെ മുലയൂട്ടൽ വാരാചരണത്തിന്റെ സന്ദേശം.

Advertisements

മാനസികാരോഗ്യം വീണ്ടെടുക്കാൻ മുലപ്പാൽ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുലപ്പാലിനായി കുഞ്ഞ് മുലകളിൽ ചുണ്ടുകൾ അമർത്തുമ്പോൾ രണ്ട് ഹോർമോണുകൾ ഉല്പാദിപ്പിക്കാൻ അമ്മയുടെ തലച്ചോർ ശരീരത്തിന് നിർദേശം നൽകുന്നു. ആ ഹോർമോണുകളാണ് പ്രോലാക്ടിനും ഓക്സിടോസിനും. പ്രോലാക്ടിൻ എന്ന ഹോർമോണാണ് പാൽ ഉത്പാദിപ്പിക്കാനുള്ള ഉത്തേജനം നൽകുന്നത്. അമ്മയുടെ നെഞ്ചിലെ പേശികളെ സാന്ദ്രമാക്കി, കുഞ്ഞിന്റെ ചുണ്ടുകളിലേക്ക് മുലപ്പാൽ എത്തിക്കുന്നത് ഓക്സിടോസിൻ ആണ്.
മുലപ്പാൽ ഉല്പാദിപ്പിക്കുന്നതിനൊപ്പം, വേദന, ടെൻഷൻ, സ്‌ട്രെസ്, ആശങ്കകൾ എന്നിവ കുറയ്ക്കാനും ഈ രണ്ട് ഹോർമോണുകൾക്കും കഴിയും. പ്രസവശേഷം കുഞ്ഞിനെ കാണുമ്പോഴും മുലകൊടുക്കുമ്പോഴും എല്ലാ വേദനയും മറന്ന് അമ്മമാരിൽ സന്തോഷമുള്ള ചിന്തകൾ ഉണ്ടാക്കുന്നത് ഈ രഹോർമോണുകൾ കാരണമാണ്. പിന്നീടങ്ങോട്ട് കുഞ്ഞിന്റെ ശബ്ദമോ കരച്ചിലോ കേൾക്കുമ്പോൾ തന്നെ ഈ ഹോർമോണുകൾ അവരുടെ ജോലി തുടങ്ങുകയും അമ്മയെ എല്ലാ വിഷാദങ്ങളിൽ നിന്നും മോചിപ്പിക്കുകയും ചെയ്യുന്നു. സാധാരണ വിഷാദം പോലെയുള്ള പ്രശ്‌നങ്ങൾ ഏറ്റവും ബുദ്ധിമുട്ടിക്കുന്നത് രാത്രിയിൽ ആണല്ലോ. പ്രസവശേഷം രാത്രി കാലങ്ങളിൽ ഈ ഹോർമോണുകളുടെ ഉത്പാദനം കൂടുതലാണ്. അതുകൊണ്ട് മുലപ്പാലിന്റെ അളവും കൂടും. മുലയൂട്ടാൻ കഴിയാത്ത അമ്മമാർക്ക് ഇത്തരം അനുഗ്രഹങ്ങൾ നഷ്ടമാവുകയാണ് ചെയ്യുന്നത്.

വേറെയുമുണ്ട് മുലയൂട്ടലിന് ഗുണങ്ങൾ. പ്രസവശേഷം ഗർഭാശയം ചുരുങ്ങുന്നതിനും രക്തംപോക്ക് പെട്ടെന്ന് നിൽക്കാനും മുലയൂട്ടൽ സഹായിക്കും. അണ്ഡോല്പാദനം വേഗത്തിലാക്കുകയും അടുത്ത ആർത്തവം പരമാവധി നേരത്തേയാക്കുകയും ചെയ്യും. സ്തനങ്ങളിലും അണ്ഡാശയത്തിലും ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത കുറയും.

മുലപ്പാൽ എന്ന ജീവാമൃതം

പ്രസവം കഴിഞ്ഞയുടനെ ഉണ്ടാകുന്ന മുലപ്പാൽ കൊളസ്ട്രം എന്നാണ് അറിയപ്പെടുന്നത്. കഷ്ടിച്ച് ഒരു ഔൺസിൽ താഴെ മാത്രമേ കൊളസ്ട്രം അമ്മയുടെ ശരീരത്തിൽ ഒരു സമയം ഉണ്ടാവൂ. പക്ഷെ കുഞ്ഞിന്റെ വയർ നിറയ്ക്കാൻ അത് ധാരാളമാണ്. കുഞ്ഞിന് ആവശ്യമായ പ്രോട്ടീന് പുറമെ രോഗങ്ങളെ ചെറുക്കാൻ ആവശ്യമായ ഇമ്മ്യൂണോഗ്ലോബുലിൻസം കൊളസ്ട്രത്തിൽ സമൃദ്ധമാണ്. ഈ പാൽ പ്രസവം കഴിഞ്ഞ് ആദ്യത്തെ 2 മുതൽ 5 ദിവസം വരെയാണ് ഉണ്ടാകാറ്.
രണ്ട് ഭാഗങ്ങളായാണ് മുലപ്പാൽ വരുന്നത്. ആദ്യം വരുന്ന പാലിൽ വെള്ളം കൂടുതലായിരിക്കും. പിന്നീട് വരുന്ന പാലിലാണ് പോഷകങ്ങൾ കൂടുതൽ. അതുകൊണ്ട് കൂടുതൽ നേരം പാൽ കൊടുക്കാൻ ശ്രദ്ധിക്കണം. കുറച്ച് പാൽ കുടിച്ച ശേഷം കുഞ്ഞ് ഉറങ്ങിപ്പോയാൽ ചെവിയിൽ മൃദുവായി പിടിച്ചോ കാല്പാദത്തിനടിയിൽ ഉരസിയോ കുഞ്ഞിനെ ഉണർത്താം. അമ്മമാർ ബദാമും നട്‌സും പച്ചക്കറികളും, പഴങ്ങളും ധാരാളം കഴിക്കുന്നത് മുലപ്പാൽ ഉത്പാദനം കൂട്ടാൻ സഹായിക്കും.
വയറു നിറയെ പാൽ കുടിച്ചു കഴിഞ്ഞാൽ കുഞ്ഞുങ്ങൾ ഛർദിക്കുന്നത് സ്വാഭാവികമാണ്. ആദ്യത്തെ ആറ് മാസം വരെ കുഞ്ഞുങ്ങളിലെ ”തേട്ടൽ” സാധാരണമാണ്. പാൽ കൊടുത്തു കഴിഞ്ഞാൽ കുഞ്ഞിന്റെ വയറിലെ ഗ്യാസ് പുറത്തേക്ക് കളയാൻ പിറകിൽ പതിയ തട്ടിക്കൊടുക്കാം.

മുലയൂട്ടൽ എത്ര നാൾ?

ആദ്യത്തെ ആറ് മാസം അമ്മയുടെ മുലപ്പാൽ മാത്രം കുടിച്ച് വളരുന്ന കുഞ്ഞുങ്ങളിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങളും, അനുബാധയും കുറവായിരിക്കും. വളരുമ്പോൾ പ്രമേഹവും ഉദരസംബന്ധമായ രോഗങ്ങളും കുറവായിരിക്കുമെന്നും പഠനങ്ങൾ പറയുന്നു. ഈ സമയം വേറെ ആഹാരങ്ങൾ നൽകിയാൽ അത് ദഹിപ്പിക്കാനാകാതെ കുഞ്ഞ് വിഷമിക്കും. വയറിന് അസ്വസ്ഥതയുണ്ടാവുകയും ചെയ്യും. പശുവിൻ പാലും ആട്ടിൻപാലും കുഞ്ഞിന് നല്ലതല്ല. പശുവിൻ പാൽ പശുക്കിടാവിനുള്ളതാണ്. പശുക്കൾക്ക് ജീവിക്കാൻ ആവശ്യം മസിലുകൾ ആയതുകൊണ്ട് പശുവിൻപാലിൽ പ്രോട്ടീൻ കൂടുതലാണ്. പക്ഷെ നമ്മുടെ കുഞ്ഞുങ്ങൾക്ക് ബുദ്ധിവികാസവും ആവശ്യമാണ്. അതിനുള്ള പോഷകങ്ങൾ അമ്മയുടെ മുലപ്പാലിൽ മാത്രമേയുള്ളു.

ഓരോ കുഞ്ഞിനും ആവശ്യമായ പോഷകങ്ങൾ അടങ്ങിയ പാലാണ് അവരുടെ അമ്മമാർ ഉല്പാദിപ്പിക്കുന്നത്. മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ അമ്മമാരുടെ പാൽ, മാസം തികഞ്ഞ് പ്രസവിക്കുന്ന അമ്മമാരുടേതിൽ നിന്ന് വ്യത്യസ്തമായിരിക്കും. നിങ്ങളുടെ കുട്ടിക്ക് ഏറ്റവും അനുയോജ്യമായ പാൽ നിങ്ങൾക്ക് മാത്രമേ ഉല്പാദിപ്പിക്കാൻ കഴിയൂ.

എപ്പോഴും കുഞ്ഞിന് നേരിട്ട് പാൽ കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ മുലപ്പാൽ പിഴിഞ്ഞെടുത്ത് സൂക്ഷിക്കാം. ഫ്രിഡ്ജിൽ 24 മണിക്കൂർ വരെയും പുറത്ത് 4 മണിക്കൂർ വരെയും മുലപ്പാൽ കേടാകാതെ ഇരിക്കും. ആറ് മാസം മുതൽ രണ്ട് വയസ്സുവരെയുള്ള സമയത്ത് മറ്റ് ഭക്ഷണങ്ങളോടൊപ്പം മുലപ്പാലും കൊടുക്കണം.

മുലയൂട്ടുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾ

ചില അമ്മമാർക്ക് മുലകളിൽ കടുത്ത വേദന ഉണ്ടാകാറുണ്ട്. അതിനു കാരണം കുഞ്ഞിന് കൊടുക്കുന്നതിനേക്കാൾ കൂടുതൽ പാൽ ശരീരത്തിൽ ഉല്പാദിപ്പിക്കുന്നത് കൊണ്ടാണ്. അധികമായി ഉണ്ടാകുന്ന പാൽ കെട്ടിക്കിടക്കും. ഒരു കാരണവശാലും ഈ സമയത്ത് മുലയൂട്ടൽ നിർത്തരുത്. മുല കുടിച്ചു തുടങ്ങുന്ന സമയത്ത് ഏറെ ശക്തിയോടെയാണ് കുഞ്ഞ് പാൽ വലിച്ചെടുക്കുന്നത്. ഇത് മാറിടത്തിലെ വേദന കുറയാൻ സഹായിക്കും. രണ്ട് മണിക്കൂർ ഇടവിട്ട് കുഞ്ഞിന് പാൽ കൊടുക്കാം. മാറിടം മസാജ് ചെയ്യുന്നതും ചൂടുപിടിക്കുന്നതും വേദനയ്ക്ക് ആശ്വാസം നൽകും. വേദന കൂടി പനിയോ നീർക്കെട്ടോ ഉണ്ടായാൽ ഡോക്ടറെ കാണണം.
മുലയൂട്ടുമ്പോൾ ചിലരുടെ മുലക്കണ്ണിൽ മുറിവുകൾ ഉണ്ടാകാറുണ്ട്. ഇത് മുലയൂട്ടുന്ന രീതി ശരിയല്ലാത്തത് കൊണ്ടാണ്. മുലക്കണ്ണ് പൂർണമായും കുഞ്ഞിന്റെ വായക്കുള്ളിൽ വരാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ മുറിവുണ്ടാകും. ഈ മുറിവ് കുഞ്ഞിന്റെ വായക്കുള്ളിൽ ഫങ്കസ് ബാധയുണ്ടാക്കാനും സാധ്യതയുണ്ട്. അങ്ങനെയുണ്ടായാൽ ഡോക്ടറെ കാണിക്കണം. മുലക്കണ്ണിലെ മുറിവ് മാറ്റാൻ ഓയിൻമെന്റുകൾ ഉപയോഗിക്കാം.

മുലയൂട്ടാൻ നേരത്തെ തയാറെടുക്കാം

ആദ്യമായി പ്രസവിക്കാൻ ഒരുങ്ങുന്ന അമ്മമാർക്ക് മാനസികമായ പിന്തുണ അത്യാവശ്യമാണ്. മുലയൂട്ടുന്നതിന്റെ ശരിയായ രീതിയും അതിന്റെ ഗുണങ്ങളും അവർക്ക് പറഞ്ഞുകൊടുക്കണം. പ്രസവിച്ചയുടനെ മുലയൂട്ടൽ തുടങ്ങാനും തയാറെടുപ്പുകൾ ആവശ്യമാണ്. അതിന് പരിശീലനം കിട്ടിയിട്ടുള്ള നേഴ്സുമാരുടെ സഹായം തേടാം. വീട്ടിൽ തിരിച്ചെത്തിക്കഴിഞ്ഞാലും ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും പിന്തുണ മുലയൂട്ടുന്ന അമ്മമാർക്ക് വേണം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.