വിഭാഗീയതയുടെ ലാഞ്ചന പോലും ഒഴിവാക്കി കേരളത്തിൽ പിണറായിസം! പാർട്ടിയെ നയിക്കാൻ യുവനേതാക്കളെ കളത്തിലിറക്കിയത് പിണറായിയുടെ തന്ത്രം; റിയാസ് മുഖ്യമന്ത്രിയായാൽ എം.സ്വരാജ് പാർട്ടി സെക്രട്ടറിയാകും

തിരുവനന്തപുരം: സി.പി.എമ്മിൽ ഇനി വിഭാഗീയതയില്ലെന്ന് ഉറപ്പാക്കാൻ വേണ്ട തന്ത്രങ്ങളെല്ലാം അണിയറയിലൊരുക്കിരിക്കുകയാണ് പിണറായി വിജയൻ. നേതൃത്വത്തിൽ യുവാക്കളെ കൊണ്ടു വരുന്നതിന്റെ ഭാഗമായി ഭാവി മുഖ്യമന്ത്രിയായി മുഹമ്മദ് റിയാസിനെയും, സെക്രട്ടറിയായി എം.സ്വരാജിനെയും ഉയർത്തിക്കാട്ടുകയാണ് പാർട്ടി. കേരളത്തിൽ സിപിഎമ്മിന് ഭരണ തുടർച്ച കിട്ടുമ്പോൾ നേതൃത്വത്തിന്റെ നിലപാടുകൾ എല്ലാം ശരിയാകുന്നു. ശബരിമലയും നവോത്ഥാന മതിലും കോടിയേരിയുടെ മക്കളുടെ കേസും ആന്തൂരിലെ സാജന്റെ ആത്മഹത്യയും തിരുവനന്തപുരത്തെ തിരുവാതിപ്പാട്ടുമൊന്നും ചർച്ചയായില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ കോപത്തിന് പാത്രമാകാതിരിക്കാൻ എല്ലാവരും മൗനത്തിലായി. പക്ഷേ ഫലം അങ്ങനെ എല്ലാം മനസ്സിലൊതുക്കിയവരെ തൃപ്തിപ്പെടുത്തുന്നതുമായിരുന്നു. ആരും പ്രതീക്ഷിക്കാത്ത പൊളിച്ചെഴുത്ത്.

Advertisements

എം വി ഗോവിന്ദനും എളമരം കരിമിന് പോലും സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇനി വോട്ട് ചെയ്യാനാകില്ല. കണ്ണൂരിൽ കരുത്തനെന്ന് പറഞ്ഞു നടന്നിരുന്ന എംവി ഗോവിന്ദന് വലിയ തിരിച്ചടിയാണ് ഈ ഒഴിവാക്കൽ. കേന്ദ്ര കമ്മറ്റിയുടെ മേനി പറച്ചിൽ മാത്രമേ ഇനി നടക്കൂ. തിരുവനന്തപുരത്തെ എം വിജയകുമാറിനേയും കടകംപള്ളി സുരേന്ദ്രനേയും ആനാവൂർ നാഗപ്പൻ കടത്തി വെട്ടിയത് തിരുവാതിപ്പാട്ടിലാണ്. സ്വയം പുകഴ്ത്തി ആർമ്മിക്കാരെ കൊണ്ട് പാട്ടെഴുതിച്ച പിജെ എന്ന ജയരാജൻ ചെന്താരകത്തിനും സെക്രട്ടറിയേറ്റിൽ ഇടമില്ല. ഈ മുതിർന്ന നേതാക്കൾക്കെല്ലാം താമസിയാതെ പ്രായപരിധിയും കഴിയും. അതുകൊണ്ട് തന്നെ ഇവരെ എല്ലാം വെട്ടിനിരത്തുകയാണ് പിണറായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എട്ട് പുതുമുഖങ്ങളെ ഉൾപ്പെടുത്തി സംസ്ഥാന സെക്രട്ടേറിയറ്റിൽ സിപിഎം നടത്തിയതു ചരിത്രപരമായ പൊളിച്ചെഴുത്ത്. 2018ലെ തൃശൂർ സമ്മേളനത്തിൽ മാത്രം സംസ്ഥാന കമ്മിറ്റി അംഗമായ മന്ത്രി പി.എ.മുഹമ്മദ് റിയാസിനു ലഭിച്ച പ്രമോഷൻ ഏവരും പ്രതീക്ഷിച്ചിരുന്നു. അതിന് വേണ്ടി അർഹതയുള്ള മുതിർന്ന നേതാക്കളെ മുഴുവൻ വെട്ടി നിരത്തി. റിയാസിനെ മാത്രമായി സെക്രട്ടറിയേറ്റിൽ കൊണ്ടു വന്നാലുള്ള വിവാദമായിരുന്നു ഇതിന് കാരണം. 17 അംഗ സെക്രട്ടേറിയറ്റിൽ 8 പേർ പുതുമുഖങ്ങളാകുന്നതോടെ അതിന്റെ ഘടനയിൽ തന്നെ മാറ്റം വരുന്നു. അതും ചെറുപ്പക്കാർ. വ്യക്തമായ സന്ദേശമാണ് പിണറായി നൽകുന്നത്. വി എസ് അച്യുതാനന്ദനെ രോഗ കിടക്കയിലും സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവാക്കി. ഇതിലും ഉണ്ടൊരു രാഷ്ട്രീയം.

പ്രായപരിധി കഴിഞ്ഞ് നേതൃത്വത്തിൽ നിന്ന് മാറേണ്ടി വന്നാലും മുൻ മുഖ്യമന്ത്രിയെന്ന നിലയിൽ വിഎസിന് നൽകുന്ന ആനുകൂല്യം മരണം വരെ പിണറായിക്കും ലഭിക്കും. വിഎസിനെ 97-ാം വയസ്സിലും ഘടകം നൽകിയെന്ന വാദമുയർത്തി പിണറായിയും എന്നും സംസ്ഥാന നേതൃത്വത്തിൽ പ്രത്യക്ഷമായോ പരോക്ഷമായോ ഉണ്ടാകും. ഇതിന് വേണ്ടിയാണ് പോളിറ്റ് ബ്യോറോയുടേയും പാർട്ടി ജനറൽ സെക്രട്ടറിയുടേതും വിഎസിനെ ഒഴിവാക്കരുതെന്ന നിർദ്ദേശം പിണറായി അംഗീകരിച്ചത്. മുഖ്യമന്ത്രി സ്ഥാനം പിണറായി ഒഴിയുമ്പോൾ സ്വാഭാവികമായും പാർട്ടി സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന് ആ കസേര കിട്ടു. അപ്പോൾ റിയാസ് പാർട്ടി സെക്രട്ടറിയാകും. കോടിയേരി മുഖ്യമന്ത്രി കസേര ഒഴിഞ്ഞാൽ ആ സ്ഥാനം റിയാസിന്. അന്ന് സ്വരാജാകും പാർട്ടി സെക്രട്ടറി. ഈ പ്ലാനാണ് പിണറായി എറണാകുളത്തെ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കുന്നത്.

മുമ്പ് സാധാരണ സീനിയറായ സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കാണു സംസ്ഥാന സെക്രട്ടേറിയറ്റ് രൂപീകരണത്തിൽ മുൻഗണന നൽകുന്നത്. ഇത് ഇത്തവണ പിണറായി പൊളിച്ചെഴുതി. അപ്പോഴും തലശ്ശേരിയിലെ എഎൻ ഷംസീറിനെ നിരാശനാക്കി. റിയാസിനോട് പോരിനിറങ്ങിയതാണ് ഷംസീറിനെ വെട്ടിയൊടുക്കാൻ കാരണം. 50 വയസ്സിനു താഴെയുള്ള മുഹമ്മദ് റിയാസ് (45), എം.സ്വരാജ് (42), പി.കെ.ബിജു (47) എന്നിവരെ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തി ചർച്ച മറ്റൊരു വഴിക്കെത്തിച്ചു പിണറായി. നിലവിലെ സെക്രട്ടേറിയറ്റ് അംഗങ്ങളിൽ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും മാത്രമാണ് 50 വയസ്സിനു മുൻപ് ആ ഘടകത്തിൽ ഇടംപിടിച്ചത്.

സെക്രട്ടേറിയറ്റിലെ മറ്റൊരു പുതുമുഖമായ പുത്തലത്ത് ദിനേശന് 52 വയസ്സേ ഉള്ളൂ. അൻപത്തഞ്ചുകാരനായ പി.രാജീവിനെ കൂടി കണക്കാക്കിയാൽ സെക്രട്ടേറിയറ്റിൽ 5 പേർ അൻപത്തഞ്ചോ അതിൽ താഴെയോ പ്രായമുള്ളവരാണ്. ഇത്രയും ചെറുപ്പമായ ഒരു സെക്രട്ടേറിയറ്റ് സിപിഎമ്മിന്റെ സമീപകാല ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷനായ റിയാസ് എംഎൽഎ ആയ ആദ്യ ഊഴത്തിൽ മന്ത്രിയായതിനു പിന്നാലെയാണ് പാർട്ടിയിലെ ഉയർച്ച. ഇതിൽ നിന്നും പിണറായി നൽകുന്ന സന്ദേശം വ്യക്തമാണെന്ന് സിപിഎം നേതാക്കൾ തന്നെ പറയുന്നു.

മന്ത്രിമാരായ സജി ചെറിയാൻ, വി.എൻ.വാസവൻ എന്നിവരുടെ സെക്രട്ടേറിയറ്റ് പ്രവേശനം പ്രതീക്ഷിച്ചതാണ്. മന്ത്രിയും സെക്രട്ടേറിയറ്റ് അംഗവും കൂടിയാകുന്നതോടെ ആലപ്പുഴ ജില്ലാ രാഷ്ട്രീയത്തിൽ സജിയുടെ സ്വാധീനം വർധിക്കും. ജി സുധാകരനുള്ള മറുപടി കൂടിയാണ് സജി ചെറിയാന്റെ ഈ ഉയർച്ച. കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വൻ, സെക്രട്ടേറിയറ്റ് അംഗം കെ.ജെ.തോമസ് എന്നിവർ 75 പിന്നിട്ടതുകൊണ്ടു വിട പറയുമ്പോൾ കോട്ടയത്തുനിന്നു വി.എൻ.വാസവനു സ്വാഭാവികമായും നറുക്കു വീണു. കേരള കോൺഗ്രസിന്റെ എൽഡിഎഫ് പ്രവേശത്തിനു ചുക്കാൻ പിടിച്ച ഈ മുൻ കോട്ടയം ജില്ലാ സെക്രട്ടറി ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കു കടന്നുവരും.

സെക്രട്ടേറിയറ്റിൽനിന്ന് എം.എം.മണി ഒഴിവാക്കപ്പെട്ടപ്പോൾ, ദീർഘകാലം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന കെ.കെ.ജയചന്ദ്രൻ പകരക്കാരനായി. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തിരുവനന്തപുരം ജില്ലയിൽ പാർട്ടിയെ വൻ വിജയത്തിലേക്കു നയിച്ച സംഘടനാ മികവിനുള്ള അംഗീകാരമാണ് ആനാവൂർ നാഗപ്പന്റെ സെക്രട്ടേറിയറ്റ് അംഗത്വം. ഇതോടെ തിരുവനന്തപുരത്തു പുതിയ ജില്ലാ സെക്രട്ടറി വരും. അതുകൂടി കണക്കിലെടുത്താണു സംസ്ഥാന കമ്മിറ്റിയിലും ഒരു സീറ്റ് ഒഴിച്ചിട്ടത്. അതാരാകുമെന്നതാണ് ഇനി നിർണ്ണായകം.

മന്ത്രി എം വി ഗോവിന്ദനെയും എളമരം കരീം എംപിയെയും സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കിയത് അപ്രതീക്ഷിതമാണ്. കേന്ദ്രകമ്മിറ്റി അംഗങ്ങൾ എന്ന നിലയിൽ ഇരുവർക്കും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങളിൽ പങ്കെടുക്കാം. അതേസമയം സെക്രട്ടേറിയറ്റ് അംഗത്വം കേരളത്തിലെ പാർട്ടിക്കകത്തെ തലപ്പൊക്കം സൂചിപ്പിക്കുന്ന ഘടകമാണ്. സെക്രട്ടേറിയറ്റിലെ അംഗങ്ങൾക്കു മാത്രമേ ആ ഘടകത്തിൽ വോട്ടവകാശം ഉള്ളൂ. 75 പിന്നിട്ടതിന്റെ പേരിൽ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനെ ഒഴിവാക്കിയതിനു പിന്നാലെയാണ് സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീമും ഒഴിവായത്. ഇതോടെ സിഐടിയുവിന്റെ 2 അമരക്കാരും സെക്രട്ടേറിയറ്റിൽനിന്നു പുറത്തായി. 70 വയസ്സുകാരനായ ബേബി ജോണിനെ നീക്കിയതിന് പാർട്ടി കാരണം പറയുന്നില്ല.

Hot Topics

Related Articles