ഇൻഡോർ: തിരിച്ചുവരവില്‍ തിളങ്ങി ഒരുവര്‍ഷത്തിനുശേഷം മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഇന്ത്യൻ പേസര്‍ മുഹമ്മദ് ഷമി. മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ ആദ്യ ദിനം വിക്കറ്റൊന്നും നേടാൻ കഴിയാതിരുന്ന ഷമി രണ്ടാം ദിനം നാലു വിക്കറ്റുകള്‍ പിഴുതാണ് തിരിച്ചുവരവ് ആഘോഷമാക്കിയത്. 19 ഓവര്‍ പന്തെറിഞ്ഞ ഷമി 4 മെയ്ഡനുകള്‍ അടക്കം 54 റണ്‍സ് വഴങ്ങിയാണ് നാലു വിക്കറ്റെടുത്തത്.
മധ്യപ്രദേശിനെതിരെ ആദ്യ ഇന്നിംഗ്സില്‍ 228 റണ്‍സിന് പുറത്തായ ബംഗാള്‍ ഷമിയുടെ ബൗളിംഗ് മികവില്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡും കരസ്ഥമാക്കി. 106-1 എന്ന മികച്ച നിലയിലായിരുന്ന മധ്യപ്രദേശ് രണ്ടാം ദിനം 167 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. മധ്യപ്രദേശ് നായകന്‍ ശുഭം ശര്‍മ, സാരാന്‍ശ് ജെയിന്‍, കുമാര്‍ കാര്‍ത്തികേയ, കുല്‍വന്ദ് കെജ്രോളിയ എന്നിവരെയാണ് ഷമി വീഴ്ത്തിയത്. മധ്യപ്രദേശിന്‍റെ അവസാന മൂന്ന് വിക്കറ്റുകളും എറിഞ്ഞിട്ട ഷമി ബംഗാളിന് 50 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കുകയും ചെയ്തു.