കല്‍പറ്റ: വയനാട് മുസ്ലിം ലീഗ് ജില്ലാ ഓഫീസില്‍ നേതാക്കളുടെ കൂട്ടത്തല്ല്. ഹരിതാ വിഷയവുമായി ബന്ധപ്പെട്ട് എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്തായ പി പി ഷൈജല്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി യഹിയാ ഖാന്‍ തലക്കല്‍, കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് ടി ഹംസ തുടങ്ങിയവരാണ് ജില്ലാ ഓഫീസില്‍ തമ്മില്‍ത്തല്ലിയത്. സംഭവത്തെ തുടര്‍ന്ന് ഷൈജലിനെ മുസ്ലീംലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ ജില്ലാകമ്മിറ്റി സംസ്ഥാനകമ്മിറ്റിക്ക് ശുപാര്‍ശ ചെയ്തിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. ജില്ലാ ലീഗ് നേതൃത്വത്തിനെതിരെ ഏതാനും ദിവസങ്ങളായി ഉയരുന്ന ആരോപണത്തിന് പിന്നാലെയാണ് ലീഗ് ഓഫീസല്‍ നേതാക്കള്‍ തമ്മിലുള്ള വാക്പോര് കയ്യാങ്കളിയിലേക്കെത്തിയത്. ഷൈജല്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
മുട്ടില്‍ കോളജില്‍ നടന്ന പരിപാടിയില്‍ ഷൈജല്‍ പങ്കെടുത്തതിനെ യൂത്ത് ലീഗ് മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് സക്കീര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കോളജ് പരിസരത്ത് ഉന്തും തളളും നടന്നിരുന്നു. തുടര്‍ന്ന് ലീഗ് ജില്ലാ ഓഫീസില്‍ എത്തിയ പ്രവര്‍ത്തകര്‍ പരാതി പറയുന്നതിനിടെ യഹ്യാ ഖാന്‍, ടി ഹംസ തുടങ്ങിയവരെ പി പി ഷൈജല്‍ മര്‍ദിച്ചുവെന്നാണ് നേതാക്കള്‍ പറയുന്നത്. സംഭവമറിഞ്ഞ് കൂടുതല്‍ പ്രവര്‍ത്തകര്‍ ലീഗ് ഓഫീസ് പരിസരത്ത് എത്തിയെങ്കിലും മുതിര്‍ന്ന നേതാക്കളെത്തി ഇരു വിഭാഗത്തേയും പിരിച്ച് വിടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുട്ടില്‍ കോളജില്‍ എം എസ് എഫ് പ്രവര്‍ത്തകര്‍ ഒരുക്കിയ ചുവരെഴുത്തുകളും പോസ്റ്ററുകളും കരിയോയില്‍ ഒഴിച്ച് നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് എം എസ് എഫ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കോളജിലെത്തി സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിനിടെ പി പി ഷൈജല്‍ സ്ഥലത്തെത്തി വിഷയത്തില്‍ ഇടപെടുകയും യൂത്ത് ലീഗ് മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് സക്കീറുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും ചെയ്തു. പിന്നീട്, കല്‍പ്പറ്റ ലീഗ് ഓഫീസിലെത്തിയ സക്കീറിനെ അപ്രതീക്ഷിതമായി ഷൈജല്‍ മുഖത്തടിക്കുകയുമായിരുന്നുവെന്ന് യഹിയാ ഖാന്‍ തലക്കല്‍ പറഞ്ഞു.