കോട്ടയം : മീനടം പഞ്ചായത്തിൽ കോൺഗ്രസ് ഭരണ സമിതിയുടെ നേതൃത്വത്തിൽ നടന്ന വൻ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. നാടൻ പന്തുകളിയുടെ മറവിൽ നാടിനെ നടുക്കിയ അഴിമതിക്കഥകളാണ് പുറത്ത് വരുന്നത്. മീനടം ജനതയുടെ വികാരമായ നാടൻപന്തുകളിയെ മുതലാക്കി ലക്ഷങ്ങളുടെ തട്ടിപ്പാണ് ഭരണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയത്. വിവിധ വർഷങ്ങളിലായി 3.80 ലക്ഷം രൂപയാണ് ഭരണ സമിതികൾ വെട്ടിച്ചത്.
പഞ്ചായത്തിന്റെ നാടൻപന്തുകളി പ്രോത്സാഹനം എന്ന പേരിൽ 2012 മുതൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി നടത്തിയ അഴിമതിയുടെ വിവരാവകാശ രേഖകളാണ് ഇപ്പോൾ പ്രതിപക്ഷം പുറത്ത് കൊണ്ടുവന്നിരിക്കുന്നത്. മീനടത്തെ നാടൻ പന്തുകളി ടീമിനെ ഏറ്റെടുത്ത പഞ്ചായത്ത് ഭരണ സമിതി 2012 മുതൽ വിവിധ ഘട്ടങ്ങളിലായി വകയിരുത്തിയത് 3.80 ലക്ഷം രൂപയാണ് എന്നാൽ ഈ തുകയിൽ പന്തുകളിയുമായി ബന്ധപ്പെട്ട് വിനിയോഗിച്ചത് 1.20 ലക്ഷം രൂപ മാത്രമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുക കൈപ്പറ്റാനായി ഹാജരാക്കിയ രേഖകളെല്ലാം വ്യാജമാണ്. കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ രസീത് നമ്പർ 1166, 2018 ആഗസ്റ്റ് 13 ന് കോച്ചിങ് ഫീസിനത്തിൽ 7500 രൂപയും. 2019 ജനുവരി 4 ന് രസീത് നമ്പർ 1197 ൽ 7500 രൂപയുമടക്കം രണ്ടുരസീതുകളിൽ നിന്നായി 15000 രൂപ 2014-15 കാലയളവിലെ ഫെഡറേഷൻ സെക്രട്ടറി ജീമോൻ വെള്ളൂർ കൈപറ്റിയാതായുള്ള രേഖകളാണ് പഞ്ചായത്തിൽ സമർപ്പിച്ചത് എന്നാൽ ഒരു രൂപ പോലും കൈപറ്റിയിട്ടില്ല എന്ന് ജീമോൻ പറഞ്ഞു. രസീതുകളും ,സീലുകളും ജീമോന്റെ പേരിൽ ഇട്ടിരിക്കുന്ന ഒപ്പുകളും വ്യാജമാണെന്നും കണ്ടെത്തി.
2017 ആഗസ്റ്റ് 4 ന് ഫെഡറേഷന്റെ രസീത് നമ്പർ 1055 ൽ മെമ്പേഴ്‌സ് രജിസ്ട്രേഷൻ എന്ന പേരിൽ ഒരാൾക്ക് 200 രൂപ വീതം 20 പേരുടെ രജിസ്ട്രേഷൻ ഫീസായി 4000 രൂപയും. 2017 സെപ്റ്റംബർ 4 ന് രസീത് നമ്പർ യഥാക്രമം 1078, 1079, 1080 ൽ മീനടം എ ടീം(10 അംഗങ്ങൾ )രജിസ്ട്രേഷൻ, മീനടം ബി ടീം(10അംഗങ്ങൾ )രജിസ്ട്രേഷൻ ഇനത്തിൽ ഒരാൾക്ക് 500 രൂപ വീതം 20 പേരുടെ ഫീസായി 10000 രൂപയും, രണ്ടു ടീമിലെയും അംഗങ്ങളായ 20 പേർക്ക് പരിശീലനം നൽകിയ വകയിൽ എന്ന വ്യാജേന കോച്ചിങ് ഫീസ് ഇനത്തിൽ 10000 രൂപയും.
ആകെ 4 രസീതുകളിൽ നിന്നായി 24000 രൂപ മീനടം ടീമിന്റെ അന്നത്തെ ക്യാപ്റ്റൻ ജെയിംസ് മീനടത്തിന്റെ കൈയിൽ നിന്ന് 2017 സീസണിലെ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ ട്രഷറർ ഷാജി സ്കറിയ കൈപ്പറ്റിയാതായ രേഖകൾ സമർപ്പിച്ചിരുന്നു. എന്നാൽ ഷാജി ഒരു രൂപ പോലും കൈപറ്റിയിട്ടിലെന്നും ഈ രസീതുകളും,സീലുകളും അദ്ദേഹത്തിന്റെ പേരിൽ ഇട്ടിരിക്കുന്ന ഒപ്പുകളും വ്യാജമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഫെഡറേഷന്റെ രസീത് നമ്പർ 1041 ൽ നേറ്റീവ് ബോൾ കോച്ചിങ് ഫീസിനത്തിൽ 2019 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള 9000 രൂപ ഫെഡറേഷൻ സെക്രട്ടറി ഒപ്പിട്ട് വാങ്ങിയതായി രേഖകൾ സമർപ്പിച്ചിട്ടുണ്ട് 1058, 1090 എന്നീ രസീത് നമ്പറുകളിൽ 9000 രൂപ വീതം കൈപ്പറ്റിയതായി കാണുന്നു.
3 രസീതുകളിൽ നിന്നായി കോച്ചിങ് ഫീസിനത്തിൽ ആകെ 27000 രൂപ കൈപ്പറ്റിയതായാണ് രേഖ.
എന്നാൽ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആ കാലയളവിലെ സെക്രട്ടറിയായിരുന്ന കെ എസ് സന്ദീപ് അദ്ദേഹത്തിന്റെ പേരിൽ ഇട്ടിരിക്കുന്ന ഒപ്പുകളും വ്യാജമാണെന്ന് വ്യക്തമാക്കി.
എ. ജി ജയന്റെ പേരിൽ 2012 സെപ്റ്റംബർ മാസം മുതൽ 2013 ഫെബ്രുവരി മാസംവരെയുള്ള കാലയളവിൽ ടീം അംഗങ്ങൾക്ക് പരിശീലന ഫീസ് നൽകിയ ഇനത്തിൽ 18000 രൂപ കൈപ്പറ്റിയതായുള്ള രേഖയും വ്യാജമായി നിർമ്മിച്ചതാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.
ടീം അംഗങ്ങൾക്കായി ഒരു പന്തു പോലും വാങ്ങി നൽകുവാൻ തയ്യാറാകാത്ത ഭരണ സമിതി പണം ചിലവഴിച്ചതിന്റെ വ്യാജ രേഖകൾ സമർപ്പിച്ച് പഞ്ചായത്തിലെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. കോവിഡ് മഹാമാരിയുടെ കാലത്തും പരിശീലനം നടന്നതായി കാണിച്ച് വ്യാജ രേഖകൾ സമർപ്പിച്ച് പണം കൈപ്പറ്റിയിട്ടുണ്ട്. പന്തുകളിയുമായി ബന്ധമില്ലാത്ത കോൺഗ്രസ് നേതാവിന്റെ പേരിലും പണം രേഖാമൂലം കൈപ്പറ്റിയതായി വിവരാകാശ രേഖകളിൽ നിന്നും വ്യക്തമായിട്ടുണ്ട്.