ഹൈദരബാദ്: നാഗർകുർണൂൽ ടണൽ രക്ഷാ പ്രവർത്തനത്തിന് കേരള പൊലീസിന്റെ കഡാവർ ഡോഗുകളും. തെലങ്കാന ടണൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി കേരള പൊലീസിന്റെ രണ്ട് കഡാവർ ഡോഗുകളാണ് അയച്ചിട്ടുള്ളത്. രണ്ട് പൊലീസ് നായകളും അവയെ കൈകാര്യം ചെയ്യുന്ന ജീവനക്കാരുമാണ് ഹൈദരാബാദിലേക്ക് പോയത്. ദേശീയ ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടതനുസരിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊലീസിനോട് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് കഡാവർ ഡോഗുകളെ വിട്ടുകൊടുത്തത്.
കഴിഞ്ഞ 12 ദിവസങ്ങളായി ഭാഗികമായി തകർന്ന എസ്എൽബിസി ടണലിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 8 പേരാണ് ടണലിനുള്ളിൽ കുടുങ്ങിയിട്ടുള്ളത്. റോബോട്ടിക് ടെക്നോളജി അടക്കമുള്ള സാധ്യതകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ദില്ലിയിലെ നാഷണൽ സെന്റർ ഫോർ സീസ്മോളജിയിൽ നിന്നുള്ള വിദഗ്ധരും തെരച്ചിലിനുണ്ട്. അപകടം നടന്ന സ്ഥലം മുഖ്യമന്ത്രി എ രേവന്തെ റെഡ്ഡി മാർച്ച് 2ന് സന്ദർശിച്ചിരുന്നു. നാഗർകുർണൂൽ ജില്ലയിലെ ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കമാണ് തകർന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുരങ്കത്തിന്റെ ഒരു ഭാഗത്തുണ്ടായ ചോര്‍ച്ച പരിഹരിക്കാന്‍ തൊഴിലാളികള്‍ അകത്ത് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. തുരങ്കത്തിൽ 14 കിലോമീറ്ററോളാം ഉള്ളിലാണ് അപകടം നടന്നത്. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ അംറബാദിലാണ് തുരങ്കം സ്ഥിതി ചെയ്യുന്നത്. നിർമാണപ്രവർത്തനങ്ങളെ തുടർന്ന് അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം ഫെബ്രുവരി 18നാണ് തുറന്നത്.