സിമന്റ് കവലയിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
കോട്ടയം: നാട്ടകം സിമന്റ് കവലയിൽ വൻ ഗതാഗതക്കുരുക്ക്. എം.സി റോഡിനെ ആകെ കുരുക്കിലാക്കിയാണ് സിമന്റ് കവല കെണിയൊരുക്കിയത്. തിരക്കേറിയ സമയങ്ങളിൽ മണിക്കൂറുകളോളമാണ് സിമന്റ് കവല കുരുങ്ങുന്നത്. എം.സി റോഡും പാറേച്ചാൽ ബൈപ്പാസ് റോഡും ചേരുന്ന ഭാഗത്ത് നിന്നും ആരംഭിക്കുന്ന ഗതാഗതക്കുരുക്ക് പലപ്പോഴും മറിയപ്പള്ളി വരെ നീളുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചൊവ്വാഴ്ച രാവിലെ മുതൽ തന്നെ ഇവിടെ കുരുക്ക് അതിരൂക്ഷമായി തുടങ്ങിയിരുന്നു. എം.സി റോഡിലൂടെ എത്തുന്ന ദീർഘദൂര ബസുകളെയാണ് കുരുക്ക് ഏറെ ബാധിക്കുന്നത്. പലപ്പോഴും അരമണിക്കൂറെങ്കിലും വേണ്ടി വരാറുണ്ട് ഈ കുരുക്കഴിഞ്ഞു കിട്ടാൻ. ഇത്തരത്തിൽ നഗരത്തിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ പലപ്പോഴും ഇവിടെ നിന്നു പുറത്തു കടക്കാൻ ഏറെ ശ്രമകരമായി തന്നെ പരിശ്രമിക്കേണ്ടി വരാറുമുണ്ട്. ഈ പ്രദേശത്ത് സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾ അടക്കമുള്ളവയാണ് ഏറെ പ്രതിസന്ധി നേരിടുന്നത്.
മണിക്കൂറുകളോളം പൊരിവെയിലിൽ ഗതാഗതക്കുരുക്കിൽ കിടക്കേണ്ടി വരുന്നത് ഓട്ടോറിക്ഷകളുടെ ഇന്ധനക്ഷമതയെ കാര്യമായി ബാധിക്കാറുണ്ട്. തുച്ഛമായ വരുമാനത്തിന് സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ വരുമാനത്തെ പോലും ഈ ഗതാഗതക്കുരുക്ക് സാരമായി ബാധിക്കാറുണ്ട്. ഇത്തരത്തിൽ സിമന്റ് കവല മുതൽ എം.സി റോഡിനെ കുരുക്കുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്കിൽ വലഞ്ഞിരിക്കുകയാണ് നാട്ടുകാർ.
എം.സി റോഡിൽ രണ്ടു വശത്തു നിന്നും എത്തുന്ന വാഹനങ്ങൾ വീതി കുറഞ്ഞ പാറേച്ചാൽ ബൈപ്പാസ് റോഡിലേയ്ക്ക് തിരിയുന്നതും, ബൈപ്പാസ് റോഡിൽ നിന്നെത്തുന്ന വാഹനങ്ങൾ എം.സി റോഡിൽ രണ്ടു വശത്തേയ്ക്കു തിരിയുന്നതുമാണ് ഗതാഗതക്കുരുക്കിന്റെ പ്രധാനകാരണം. എന്നാൽ, ഈ കുരുക്ക് കൃത്യമായി അഴിച്ചെടുക്കാൻ ഇവിടെ മതിയായ സംവിധാനം ഇല്ലാത്തതാണ് പ്രധാന പ്രശ്‌നം. അടിയന്തരമായി ഇവിടെ ഗതാഗതക്രമീകരണം ഒരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടിരിക്കുന്നത്.