ഗാന്ധിനഗർ: മെഡിക്കൽ കോളേജിൽ ചികിത്സ കഴിഞ്ഞ് ഡിസ്ചാർജ്ജ്ചെയ്തിട്ടും വീട്ടിൽ പോകാനാവാതെ വിഷമിച്ച കാഴ്ചശക്തിയില്ലാത്ത കുടുംബത്തിന് സഹായ ഹസ്തവുമായി നവജീവൻ തോമസ്. അലമാര ദേഹത്ത് വീണ് ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അന്ധനായ ബാലനെ ഡിസ്ചാർജ്ജ് ചെയ്തപ്പോൾ വീട്ടിലേക്ക് മടങ്ങുവാൻ ആംബുലൻസ് വിളിക്കുവാൻ പോലും പണമില്ലാതെ ബുദ്ധിമുട്ടിയ അന്ധരായ രക്ഷിതാക്കൾക്ക് സഹായവുമായാണ് നവജീവൻ എത്തിയത്.
കോട്ടയം പരിപ്പ് രാമനിവാസിൽ രാമകൃഷ്ണ പിള്ളയുടെ മകൻ അജയ്കുമാർ(37) ഭാര്യാ ജാൻസി (35) എന്നിവരാണ് മകനെ ചികിത്സയ്ക്കു ശേഷം വീട്ടിലെത്തിക്കുവാൻ ബുദ്ധിമുട്ടിയത്. അന്ധത ബാധിച്ച മക്കളായ അഭിഷേക് (12)അഭിനവ്(6)എന്നിവർ കളിക്കുന്നതിനിടയിൽ അഭിനവിന്റെ ദേഹത്ത് അലമാര മറിഞ്ഞു വീണു. കഴിഞ്ഞ മെയ് 12നായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ അഭിനവിനെ കോട്ടയം മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അജയ്കുമാർ, ഭാര്യ ജാൻസി അജയ് കുമാറിന്റെ പിതാവ് രാമകൃഷ്ണപിള്ള എന്നിവരും കാഴ്ചശക്തി ഇല്ലാത്തവരാണ്. രാമകൃഷ്ണപിള്ളയും, അജയ് കുമാറും ലോട്ടറി വിറ്റാണ് കുടുംബം പുലർത്തിയിരുന്നത്. രോഗാവസ്ഥ മൂലം രാമകൃഷ്ണപിള്ള കഴിഞ്ഞ ഒരു വർഷമായി ലോട്ടറി വിൽക്കുവാൻ പോകുന്നില്ല. അജയ്കുമാർ മാത്രമാണ് ലോട്ടറി വില്പന നടത്തി കുടുംബം പുലർത്തുന്നത്.
ഇളയ മകൻ ആശുപത്രിയിൽ ആയതോടെ ലോട്ടറി വില്പനയും വരുമാനവും ഇല്ലാതായി. ആറ് അംഗങ്ങളുള്ള വീട്ടിൽ അജയ് കുമാറിന്റെ മാതാവ് വനജയ്ക്ക് മാത്രമേ കാഴ്ച ശക്തിയുള്ളൂ. ഇവരുടെ ദയനീയ അവസ്ഥ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെ പി ആർ ഒ മാർ നവജീവൻ തോമസിനെ അറിയിക്കുകയായിരുന്നു.
അദ്ദേഹം ഒരു മാസത്തേക്ക് ഉള്ള അരിയും പലചരക്കു സാധനങ്ങളും ഉൾപ്പെടെ ആംബുലൻസിൽ ഇവരുടെ കുടുംബത്തെ വീട്ടിൽ എത്തിച്ചു നൽകുകയായിരുന്നു.