തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ജനസമ്പര്‍ക്ക പരിപാടിയായ നവകേരള സദസ് സമാപനത്തിലേയ്ക്ക് കടക്കുകയാണ്.
നവകേരള സദസിന്റെ ആദ്യയോഗം വൈകിട്ട് ആറിന് വര്‍ക്കല മണ്ഡലത്തിലെ ശിവഗിരിമഠം ഓഡിറ്റോറിയത്തിലാണ്. ആറ്റിങ്ങല്‍, ചിറയിൻകീഴ് വാമനപുരം നെടുമങ്ങാട് മണ്ഡലങ്ങളിലെ സദസ് നാളെ നടക്കും. 22ന് കാട്ടാക്കട, അരുവിക്കര, നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളില്‍ സദസ് നടക്കും. 23ന് നേമം, വട്ടിയൂര്‍ക്കാവ്, കോവളം, കഴക്കൂട്ടം, തിരുവനന്തപുരം മണ്ഡലങ്ങളിലെ യോഗങ്ങളോടെയാണ് സദസിന് സമാപനമാവുന്നത്. നവകേരള സദസിനെതിരെ സമരമുഖം കടുപ്പിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസും യുഡിഎഫും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് സംസ്ഥാനത്തെ 564 പൊലീസ് സ്റ്റേഷനുകളിലേക്കും മാര്‍ച്ച് നടത്തും. രാവിലെ 11ന് നടത്തുന്ന മാര്‍ച്ചില്‍ അഞ്ച് ലക്ഷം പേര് പങ്കെടുക്കുമെന്നാണ് നേതാക്കള്‍ അറിയിക്കുന്നത്. നവകേരള മാര്‍ച്ച് തലസ്ഥാനത്ത് സമാപിക്കുന്ന 23ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നേതൃത്വത്തില്‍ ഡിജിപി ഓഫീസിലേയ്ക്ക് മാര്‍ച്ച് ചെയ്യും. എംപിമാരും എംഎല്‍എമാരും മറ്റ് ജനപ്രതിനിധികളും മാര്‍ച്ചില്‍ പങ്കെടുക്കുമെന്നാണ് വിവരം.