ദില്ലി : നീറ്റ് പരീക്ഷയില്‍ ക്രമക്കേടെന്ന ഹർജിയില്‍ നിർണായക ഇടപെടല്‍ നടത്തി സുപ്രീം കോടതി. ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് റീടെസ്റ്റ് നടത്താനുളള എൻടിഎ ശുപാർശ സുപ്രീം കോടതി അംഗീകരിച്ചു. റീടെസ്റ്റ് എഴുതിയില്ലെങ്കില്‍ ഗ്രേസ് മാർക്ക് ഒഴിവാക്കിയുള്ള മാർക്കായിരിക്കും നല്‍കുക. 1563 പേർക്കാണ് ഈ മാസം 23 ന് പരീക്ഷ നടത്തുന്നത്. ഫലം 30 ന് പ്രഖ്യാപിക്കും. 1563 പേർക്ക് 3 മണിക്കൂർ സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് 2018 ലെ സുപ്രീം കോടതി വിധി പ്രകാരം അവരുടെ മാർക്ക് നോർമലൈസ് ചെയ്യുന്ന വിധത്തില്‍ ഗ്രേസ്മാർക്ക് നല്‍കിയത്. ഈ നടപടി പൂർണ്ണമായും റദ്ദാക്കുകയാണ്.
അതായത് 1563 പേർക്ക് എത്രയാണോ പരീക്ഷയില്‍ ഗ്രേസ് മാർക്ക് ലഭിച്ചത് ആ മാർക്ക് പൂർണ്ണമായി റദ്ദാക്കി, പകരം ഇവർ 6 കേന്ദ്രങ്ങളിലായി നാലിലധികം സംസ്ഥാനങ്ങളില്‍ പരീക്ഷയെഴുതിയവർ അവർക്ക് റീ ടെസ്റ്റ് നടത്താം എന്നുള്ളതാണ് സമിതിയുടെ ശുപാർശയായി സുപ്രീം കോടതിയെ അറിയിച്ചത്. റീടെസ്റ്റിന് തയ്യാറായില്ലെങ്കില്‍ ഇവർക്ക് പരീക്ഷയില്‍ എത്ര മാർക്കാണോ എഴുതി ലഭിച്ചത് അതായിരിക്കും അവരുടെ സ്കോർ. അതായത് 67 പേർക്ക് ഒന്നാം റാങ്ക് ലഭിക്കുന്ന അസാധാരണ റാങ്ക് ലിസ്റ്റില്‍ 47 പേർക്ക് ഗ്രേസ് മാർക്ക് വഴിയാണ് ഒന്നാം റാങ്ക് ലഭിച്ചത് എന്നുളള ആക്ഷേപം ശക്തമായിരുന്നു. നീറ്റ് കൗണ്‍സിലിംഗുമായി ബന്ധപ്പെട്ട് കൗണ്‍സലിംഗ് താത്ക്കാലികമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ഹർജികളും സുപ്രീം കോടതിയില്‍ എത്തിയിരുന്നു. ഒരു കാരണവശാലും കൗണ്‍സിലിംഗിലും അഡ്മിഷൻ നടപടികളിലും ഇടപെടില്ല എന്ന കാര്യവും സുപ്രീം കോടതി വ്യക്തമാക്കി. നടപടികള്‍ തുടരട്ടെ എന്നും കോടതി പറഞ്ഞു.