കൊച്ചി: നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് 2021 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ നികുതി അടക്കമുള്ള ലാഭത്തില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നേടിയതിനേക്കാള്‍ 39% വളര്‍ച്ച നേടി. 2020-2021 വര്‍ഷം ഇതേ കാലയളവില്‍ നേടിയ 15.6 കോടി രൂപയെ അപേക്ഷിച്ച് ഈ കാലയളവിലെ മൊത്ത ലാഭം 21.7 കോടി രൂപയാണ്. ഒസാക്ക ആസ്ഥാനമായ നിറ്റാ ജലാറ്റിന്‍, കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) എന്നിവയുടെ സംയുക്ത സംരംഭമാണ് നിറ്റാ ജലാറ്റിന്‍ ഇന്ത്യ.
കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി പ്രവര്‍ത്തനച്ചെലവ് കുറച്ചുകൊണ്ടും അതേസമയം ബിസിനസ് മികവ് വര്‍ധിപ്പിച്ചു കൊണ്ടും കമ്പനി നടപ്പാക്കിയ സുസ്ഥിരമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് കമ്പനി ഈ നേട്ടം കൈവരിച്ചതെന്ന് മാനേജിംഗ് ഡയറക്ടര്‍ സജീവ് കെ മേനോന്‍ പറഞ്ഞു. ഇതോടൊപ്പം മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വില്‍പന വര്‍ധിപ്പിച്ചുകൊണ്ട് നേടിയ അധിക ലാഭവും ഇതിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെയുള്ള കമ്പനിയുടെ മികവുറ്റ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ 2021-22 വര്‍ഷം പ്രവര്‍ത്തന വരുമാനത്തിന്റെയും ലാഭത്തിന്റെയും കാര്യത്തില്‍ മുന്‍ വര്‍ഷങ്ങളിലെ റെക്കോര്‍ഡുകള്‍ എല്ലാം ഭേദിച്ചുകൊണ്ട് ബംബര്‍ വര്‍ഷമാകുമെന്ന് പ്രതീക്ഷിക്കുന്നതായും സജീവ് മേനോന്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ട് വര്‍ഷം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ ജപ്പാന്‍ സന്ദര്‍ശന വേളയില്‍ കേരളത്തില്‍ 200 കോടി രൂപയുടെ നിക്ഷേപ സാധ്യതകള്‍ പരിശോധിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിയുടെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്നും സജീവ് മേനോന്‍ പറഞ്ഞു. പദ്ധതി കമ്മീഷന്‍ ചെയ്താല്‍, കമ്പനിയുടെ പ്രവര്‍ത്തന മികവും ലാഭവും ഗണ്യമായി വര്‍ദ്ധിക്കുമെന്നും വരും വര്‍ഷങ്ങളില്‍ ലാഭകരമായ വളര്‍ച്ചയ്ക്കായി നിരവധി പദ്ധതികള്‍ തയാറാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ 8 വര്‍ഷമായി മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ച സജീവ് കെ മോനോന്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ സ്ഥിരത കൈവരിക്കുന്നതിനും ലാഭത്തില്‍ വളര്‍ച്ച നേടുന്നതിനും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. പരിസ്ഥിതി മലിനീകരണം ആരോപിച്ച് ആരംഭിച്ച പ്രക്ഷോഭത്തെ തുടര്‍ന്ന് മുന്‍ വര്‍ഷങ്ങളില്‍ നിരവധി തടസ്സങ്ങള്‍ നേരിട്ട കമ്പനിയുടെ തൃശൂര്‍ കൊരട്ടിയിലുള്ള ഫാക്ടറിയുടെ തടസ്സരഹിതമായ പ്രവര്‍ത്തനം ഉറപ്പാക്കാനും അദ്ദേഹത്തിന് സാധിച്ചു. നിരവധി പ്രതിസന്ധികള്‍ നേരിട്ട നിറ്റാ ജലാറ്റിന്‍ ഇന്ത്യ ഇപ്പോള്‍ പ്രവര്‍ത്തന മികവിനാല്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രകൃതി സൗഹൃദ ഫാക്ടറിയായി മാറി. ജാപ്പനീസ് പ്രൊമോട്ടറുടെ സഹായത്തോടെ നിരവധി സാങ്കേതിക നവീകരണ നടപടികള്‍ സ്വീകരിക്കുകയും ഇതിനോടകം പൂന്തോട്ടങ്ങള്‍, ചിത്രശലഭ പാര്‍ക്ക്, മുളങ്കാടുകള്‍, കുളം എന്നിവ ഉള്‍പ്പെടുത്തി ഒരു ‘ഗാര്‍ഡന്‍ ഫാക്ടറി’ ആയി മാറ്റാനുള്ള പദ്ധതികളും ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും ജോലി ചെയ്ത ശേഷം കേരളത്തിലെത്തിയ സജീവ് മേനോന്‍ തന്റെ അനുഭവ പരിചയതത്തിന്റെ അടിസ്ഥാനത്തില്‍ കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് അഭിപ്രായപ്പെട്ടു. ഇവിടുത്തെ തൊഴിലാളികള്‍ കടുംപിടുത്തക്കാരാണെന്ന പ്രചാരണം ശരിയല്ല. അവരെ സമന്മാരായി കാണണമെന്നതാണ് അവരുടെ ആവശ്യം. കാര്യങ്ങള്‍ മനസിലാക്കാന്‍ അവര്‍ക്കുള്ള കഴിവ് അപാരമാണ്. അതുകൊണ്ട് ഫാക്ടറിയിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും തൊഴിലാളി യൂണിയന്‍ നേതൃത്വവുമായി ഇടപെടുമ്പോഴും തന്റെ സമീപനം വളരെ സുതാര്യവും നീതിയുക്തവുമായിരുന്നുവെന്നും സജീവ് മേനോന്‍ വ്യക്തമാക്കി. ഇത് തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ഏറെ സഹായകരമായതായും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ പ്രമോട്ടര്‍മാരില്‍ ഒരാള്‍ എന്നതിലുപരി കേരള സര്‍ക്കാര്‍ എല്ലാ കാര്യങ്ങളിലും വളരെ സഹായകരമായ പങ്കാണ് വഹിച്ചത്. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥതലത്തില്‍ നിന്ന് കമ്പനിക്ക് നല്ല പിന്തുണ ലഭിച്ചിട്ടുണ്ടെന്നും, പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലായിപ്പോഴും അവര്‍ ഒപ്പം നിന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവിടുത്തെ തൊഴിലാളികള്‍ വളരെ കടുംപിടുത്തക്കാരാണെന്ന
കമ്പനിയുടെ പുതിയ മാനേജിംഗ് ഡയറക്ടറായി ഫിലിപ്പ് ചാക്കോ ഏപ്രില്‍ ഒന്നിന് സ്ഥാനമേല്‍ക്കും. ഐഐടി, ഖരഗ്പൂര്‍, ഐഐഎം കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം ടാറ്റ, വേദാന്ത ഗ്രൂപ്പ്, മഹീന്ദ്ര ഗ്രൂപ്പ് എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ കമ്പനികള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഔഷധ വ്യവസായത്തില്‍ വ്യാപകമായി ഉപയോഗിച്ചുവരുന്ന ജെലാറ്റിന്‍, കൊളാജന്‍ പെപ്‌റ്റൈഡ് ബിസിനസിലെ ആഗോള ഭീമന്‍മാരില്‍ ഒന്നാണ് നിറ്റാ ജെലാറ്റിന്‍ ഗ്രൂപ്പ്. 1975 മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് കേരളത്തിലെ മൂന്ന് ഫാക്ടറികള്‍ക്ക് പുറമെ ഗുജറാത്തിലും മഹാരാഷ്ട്രയിലും ഫാക്ടറികളുണ്ട്.