കോവിഡ് ഗുരുതരമായി ബാധിച്ചിരുന്നവര്‍ അമിതമായ വ്യായാമത്തിലേര്‍പ്പെടുന്നത് ഒഴിവാക്കണം ; കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ

ഡല്‍ഹി : ഗുജറാത്തില്‍ നവരാത്രി ആഘോഷത്തോടനുബന്ധിച്ച്‌ ഗര്‍ബ നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച്‌ പത്തു പേര്‍ മരിച്ചതിനു പിന്നാലെ പ്രതികരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ.കോവിഡ് ഗുരുതരമായി ബാധിച്ചിരുന്നവര്‍ അമിതമായ വ്യായാമത്തിലേര്‍പ്പെടുന്നത് ഒഴിവാക്കണമെന്ന് മന്ത്രി പറഞ്ഞു. കോവിഡ്ബാധയും ഹൃദയാഘാതവും തമ്മിലുള്ള ബന്ധത്തേക്കുറിച്ചാണ് മൻസൂഖ് മാണ്ഡവ്യ പറഞ്ഞത്. ഐ.സി.എം.ആറിന്റെ പഠനം ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം. 

കോവിഡ് ഗുരുതരമായി ബാധിച്ചിട്ടുള്ള ചരിത്രമുള്ളവര്‍ ഒന്നുരണ്ടു വര്‍ഷത്തേക്ക് കടുത്ത വ്യായാമങ്ങളിലും ശാരീരിക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാതിരിക്കണമെന്നും അതുവഴി ഹൃദയാഘാതം തടയാമെന്നും ഐ.സി.എം.ആറിന്റെ പഠനത്തില്‍ പറയുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അത്തരക്കാര്‍ കഠിനമായ വര്‍ക്കൗട്ടുകള്‍, ഓട്ടം തുടങ്ങിയവയില്‍നിന്ന് ഒന്നോ രണ്ടോ വര്‍ഷത്തേക്ക് വിട്ടുനില്‍ക്കണമെന്നാണ് ഐ.സി.എം.ആര്‍ പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗര്‍ബ നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതംവന്ന് 24 മണിക്കൂറിനിടെയാണ് ഗുജറാത്തില്‍ പത്തു പേര്‍ മരിച്ചത്. ബറോഡയില്‍നിന്നുള്ള 13-കാരനും മരിച്ചവരില്‍ ഉള്‍പ്പെട്ടിരുന്നു. നവരാത്രി ആഘോഷം തുടങ്ങി ആദ്യ ഒരാഴ്ചയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആംബുലൻസ് സഹായംതേടി 521 ഫോണ്‍കോളുകളും ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് നേരിട്ടതിനെത്തുടര്‍ന്ന് 609 പേരും ആംബുലൻസ് സഹായം തേടിയിരുന്നു.

Hot Topics

Related Articles