തിരുവന്തപുരം : സിപിഎം ബിജെപിയുടെ ബി ടീമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. സിപിഎം ബിജെപിയെ പരോക്ഷമായി പിന്തുണയ്ക്കുകയാണെന്നും ജെഡിഎസ് ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ അവരെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാതിരുന്നത് ഈ മാനദണ്ഡത്തിലായിരുന്നു എന്നും കെ.മുരളീധരന് പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷത്തിന്റെ സമ്മതത്തോടെയാണ് ജെഡിഎസ് ബിജെപിയിലേക്ക് പോയതെന്ന ദേവഗൗഡയുടെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കെ. മുരളീധരന് വിമര്‍ശനവുമായി രംഗത്ത് വന്നത്.
അതേസമയം എന്‍ഡിഎ സഖ്യത്തിന് ജെഡിഎസ് കേരളാഘടകം അംഗീകാരം നല്‍കിയെന്ന ദേവഗൗഡയുടെ വാദം ശരിയല്ലെന്ന് ജെ.ഡി.എസ്. സംസ്ഥാന നേതാവ് കെ. കൃഷ്ണന്‍കുട്ടി പ്രതികരിച്ചു. ജെഡിഎസ് എന്‍ഡിഎയില്‍ ചേരുന്നതായുള്ള പ്രഖ്യാപനം വന്നതിന് പിന്നാലെ തന്നെ മാത്യൂ ടി തോമസ് അടക്കമുള്ള പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കള്‍ ദേവഗൗഡയെ നേരിട്ടു ചെന്നു കണ്ട് തീരുമാനത്തോട് കേരളാഘടകത്തിന്റെ വിയോജിപ്പ് അറിയിച്ചിരുന്നെന്നും അക്കാര്യം കേരളാഘടകത്തിന് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞിരുന്നതായും പ്രതികരിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാര്‍ട്ടി ബിജെപിയില്‍ ചേരുന്നതിനെ ശക്തമായി എതിര്‍ത്ത പാര്‍ട്ടിയുടെ കര്ണാടകാഘടകം പ്രസിഡന്റ് ഇബ്രാഹീമിനെ പുറത്താക്കിയതായി പ്രഖ്യാപിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു ദേവഗൗഡ വിവാദപരമായ വെളിപ്പെടുത്തല്‍ നടത്തിയത്. പകരം പാര്‍ട്ടിയുടെ കര്‍ണാടകാ പ്രസിഡന്റായി ദേവഗൗഡ മകനും മുന്‍ കര്‍ണാടകാ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയെ നിയോഗിച്ചിരിക്കുകയാണ്.