സെഞ്ചൂറിയൻ : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിച്ച് ദക്ഷിണാഫ്രിക്ക. പാകിസ്താനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിലെ വിജയത്തോടെയാണ് ദക്ഷിണാഫ്രിക്ക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. രണ്ടുവിക്കറ്റിനാണ് പ്രോട്ടീസ് ജയം. ഫൈനലിൽ ഓസ്ട്രേലിയയോ ഇന്ത്യയോ ആയിരിക്കും എതിരാളികൾ.ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയന്റ് പട്ടികയിൽ ഒന്നാമതുള്ള ദക്ഷിണാഫ്രിക്കയ്ക്ക് 66.67 പോയന്റ് ശരാശരിയാണുള്ളത്. 11 മത്സരങ്ങളിൽ ഏഴ് ജയവും മൂന്ന് തോൽവിയുമാണ് പ്രോട്ടീസിന്. ഓസ്ട്രേലിയ രണ്ടാതും ഇന്ത്യ മൂന്നാമതുമാണ്. ഓസീസിന് 58.89 ശരാശരിയും ഇന്ത്യക്ക് 55.88 പോയന്റ് ശരാശരിയുമുണ്ട്. ഇനിയുള്ള മത്സരങ്ങൾ ഇരുടീമുകൾക്കും നിർണായകമാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്റ് ടേബിളിൽ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന ടീമുകളാണ് ഫൈനലിൽ ഏറ്റുമുട്ടുക.
രണ്ടുമത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിൽ തന്നെ പാകിസ്താനെ തകർത്താണ് ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ആദ്യ ഇന്നിങ്സിൽ 90 റൺസിന്റെ ലീഡ് സ്വന്തമാക്കിയ ബാവുമയും സംഘവും പാകിസ്താൻ ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം എട്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. പരമ്പരയിലെ രണ്ടാം മത്സരം അതോടെ അപ്രസക്തമായി.2025 ജൂൺ 11-ന് ലോർഡ്സ് ക്രിക്കറ്റ് മൈതാനത്താണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ. ഇതാദ്യമായാണ് ലോർഡ്സ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് വേദിയാകുന്നത്. ജൂൺ 11 മുതൽ 15 വരെയാണ് ഫൈനൽ മത്സരം നടക്കുക. ആവശ്യമെങ്കിൽ ജൂൺ 16 റിസർവ് ദിനമായി ഉൾപ്പെടുത്തിയിട്ടുണ്ട്.