തിരുവനന്തപുരം : ആരും സമാന്തര യോഗം ചേര്‍ന്നിട്ടില്ലെന്നും താൻ രാജിവെക്കുന്ന സാഹചര്യം ഇപ്പോഴില്ലെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്.ചലച്ചിത്ര അക്കാദമിയുടെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ വിപുലപ്പെടുത്തും. കുക്കൂ പരമേശ്വരനെ നിര്‍ദ്ദേശിക്കുമെന്നും രഞ്ജിത്ത് പറഞ്ഞു. തനിക്കെതിരെ പരാതി ഉണ്ടെങ്കില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കട്ടെയെന്ന് രഞ്ജിത്ത് ഇന്നലെ പ്രതികരിച്ചിരുന്നു.
പരാതി കൊടുത്തവര്‍ക്ക് അതിന് സ്വാതന്ത്ര്യം ഉണ്ട്. പരാതികള്‍ സര്‍ക്കാര്‍ പരിശോധിക്കട്ടെ. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ പടിയിറങ്ങാൻ തയ്യാറാണ്. എകാധിപതി ആണോ എന്ന് അക്കാദമി വൈസ് ചെയര്‍മാനും സെക്രട്ടറിയും പറയട്ടെയെന്നും രഞ്ജിത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. രഞ്ജിത്ത് കഴിഞ്ഞ ദിവസം നല്‍കിയ ഒരു അഭിമുഖത്തിലെ ചില പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. സംവിധായകന്‍ ഡോ. ബിജുവിനെതിരെയുള്ള വിമര്‍ശനങ്ങളടക്കം ഈ അഭിമുഖത്തിലെ ചെയര്‍മാന്‍റെ പല അഭിപ്രായങ്ങളും ചര്‍ച്ചയും വിവാദവും ആയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രഞ്ജിത്തിൻ്റെ പ്രതികരണം വന്നത്.