ഗോണ്ട : പാര്‍ട്ടി അനുവദിച്ചാല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ നിന്ന് മത്സരിക്കാൻ തയാറാണെന്ന് ബിജെപി എംപിയും മുൻ ഡബ്ല്യു.എഫ്.ഐ തലവനുമായ ബ്രിജ്ഭൂഷണ് ശരണ്‍ സിങ്.ഹരിയാനയിലെ ജാട്ട് സമുദായത്തില്‍ നിന്ന് വളരെയധികം പിന്തുണയുണ്ടെന്നും അതിനാല്‍ പാര്‍ട്ടി അവസരം നല്കുകയാണെങ്കില് ഉറപ്പായും വിജയിക്കുമെന്നും ബ്രിജ്ഭൂഷണ് അവകാശപ്പെട്ടു. പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബ്രിജ്ഭൂഷണ്.
”ഹരിയാനയില്‍ പോകുമ്പോള്‍ ആളുകള്‍ വന്ന് കാണാറുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ നിങ്ങളെ വിജയിപ്പിക്കാം എന്നും പറയാറുണ്ട്.”- ബ്രിജ്ഭൂഷണ് പറഞ്ഞു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ തന്റെ മണ്ഡലമായ കൈസര്‍ഗഞ്ചില്‍ നിന്നു തന്നെ ജനവിധി തേടുമെന്ന് ബ്രിജ്ഭൂഷണ് നേരത്തേയും പറഞ്ഞിരുന്നു.ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ കഴിഞ്ഞ ജൂലൈയില്‍ ബ്രിജ്ഭൂഷണ് ജാമ്യം ലഭിച്ചിരുന്നു. കേസില്‍ ബ്രിജ്ഭൂഷണെതിരെ ജൂണ്‍ 13ന് ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. കുറ്റങ്ങള്‍ തെളിഞ്ഞാല്‍ മൂന്നുമുതല്‍ അഞ്ച് വര്‍ഷം വരെ തടവ്ശിക്ഷ ലഭിക്കും.