തിരുവനന്തപുരം: പുതുവത്സരാഘോഷ വേളയിലെ ഒമിക്രോണ്‍ ഭീഷണി കണക്കിലെടുത്ത് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണങ്ങള്‍ ഇന്ന് അവസാനിക്കും. നിയന്ത്രണങ്ങള്‍ തുടരില്ലെന്നാണ് സൂചനയെങ്കിലും അടുത്ത അവലോകന യോഗത്തില്‍ മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ.
അതേസമയം, കേന്ദ്രസര്‍ക്കാര്‍ കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാമെന്നും, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും, 60 വയസ്സിന് മുകളിലുള്ള രോഗാതുരരായവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാമെന്നും തീരുമാനിച്ച സാഹചര്യത്തില്‍ കേരളത്തിലെ അര്‍ഹരായവര്‍ക്ക് ജനുവരി 3 മുതല്‍ വാക്‌സിന്‍ നല്‍കാനുള്ള നടപടി ആരോഗ്യവകുപ്പ് സ്വീകരിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
താത്കാലിക ആശുപത്രികള്‍ സജ്ജമാക്കാനും ഹോം ഐസൊലേഷനില്‍ കഴിയുന്ന രോഗികളെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപവത്കരിക്കാനും സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്രം അഭ്യര്‍ഥിച്ചിരിക്കുകയാണ്. താത്കാലിക ആശുപത്രികള്‍ സജ്ജമാക്കുന്നതിന് സി.എസ്.ഐ.ആര്‍, ഡി.ആര്‍.ഡി.ഒ., സ്വകാര്യ മേഖല, കോര്‍പറേഷനുകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹായം തേടാവുന്നതാണ്.
നേരിയ രോഗലക്ഷണമുള്ളവരെ പാര്‍പ്പിക്കാന്‍ ഹോട്ടല്‍ മുറികളും മറ്റ് താമസകേന്ദ്രങ്ങളും സര്‍ക്കാര്‍-സ്വകാര്യമേഖലയിലെ കോവിഡ് ആശുപത്രികളുമായി ബന്ധിപ്പിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണെന്നും കേന്ദ്രനിര്‍ദേശം പറയുന്നു. നേരത്തെ, കോവിഡ് കേസുകളില്‍ വന്‍വര്‍ധനയുണ്ടായ സാഹചര്യത്തില്‍ ചില സംസ്ഥാനങ്ങളില്‍ ഇത് നടപ്പാക്കിയിരുന്നു.പോസിറ്റീവ് കേസുകളില്‍ വലിയൊരു ഭാഗത്തെ ഹോം ഐസൊലേഷന്‍ ചെയ്യേണ്ടിവന്നേക്കാം. ഇവര്‍ക്ക് കൃത്യമായ നിരീക്ഷണം ആവശ്യമാണ്.
മാത്രമല്ല, സ്ഥിതി മോശമാകുന്ന പക്ഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിയും വരും. എല്ലാ സംസ്ഥാനങ്ങളും തങ്ങളുടെ ഹോം ഐസൊലേഷന്‍ പ്രോട്ടോക്കോള്‍ നിരീക്ഷിക്കണമെന്നും അത് കൃത്യമായി നടപ്പാകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യ സെക്രട്ടറിയുടെ കത്തില്‍ പറയുന്നു. എല്ലാ ഹോം ഐസൊലേഷന്‍ കേസുകളെയും നിരീക്ഷിക്കാനും കാള്‍ സെന്ററുകളിലും കണ്‍ട്രോള്‍ റൂമുകളിലും പ്രവര്‍ത്തിക്കാന്‍ പ്രത്യേക സംഘത്തെ രൂപവത്കരിക്കാനും നിര്‍ദേശമുണ്ട്.