കോഴിക്കോട് : നിപ ആശങ്കകള്‍ ഒഴിഞ്ഞതോടെ ജില്ലയില്‍ ഡെങ്കിപ്പനി, വൈറല്‍ പനി എന്നിവ വര്‍ധിക്കുന്നു. ഈ മാസം മാത്രം 249 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു. ഈ വര്‍ഷം ഇതുവരെ 1185 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് കണക്ക്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജില്ലയില്‍ കോര്‍പറേഷൻ പരിധിയിലാണ് കൂടുതല്‍ പേര്‍ക്ക് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നാണ് വിവരം.
കൊടുവള്ളി, കുന്ദമംഗലം, ഒളവണ്ണ, തിരുവള്ളൂര്‍, മടവൂര്‍, കിഴക്കോത്ത്, നരിക്കുനി തുടങ്ങിയ മേഖലകളിലും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം കുറവാണ്. 23ന് എട്ട്, 22ന് അഞ്ച്, 21ന് 10, 20ന് 15, 19ന് രണ്ടുപേര്‍ക്ക് എന്നിങ്ങനെയാണ് ആരോഗ്യ വകുപ്പിന്‍റെ വെബ്സൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ അടക്കമെത്തുന്ന ഡെങ്കിപ്പനിയെന്ന് സംശയിക്കുന്ന കേസുകളെല്ലാം ഡെങ്കിപ്പനി കേസുകളായാണ് കണക്കാക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരാഴ്ച ശരാശരി 100 പേര്‍ വിവിധ ആശുപത്രികളില്‍ എത്തുന്നുണ്ടെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ നിഗമനം. ഇതില്‍ പലതിലും സര്‍ക്കാര്‍ തലത്തില്‍ പരിശോധനകള്‍ നടക്കാത്തതിനാലാണ് സ്ഥിരീകരിക്കുന്ന ഔദ്യോഗിക കണക്ക് കുറയുന്നത്. വിവിധ സ്വകാര്യ ആശുപത്രികളില്‍ ഡെങ്കിപ്പനിക്ക് ചികിത്സ തേടുന്നവരുടെ എണ്ണവും ഔദ്യോഗികമായി ലഭ്യമാക്കുന്നില്ല.
മഴ വീണ്ടും എത്തിയതോടെയാണ് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിച്ചത്. മഴ തുടങ്ങിയതോടെ വെള്ളക്കെട്ടുകളില്‍ കൊതുകുകള്‍ മുട്ടയിട്ട് വളരുന്നതാണ് രോഗ വ്യാപനത്തിന് ഇടയാക്കുന്നത്. അതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കൊതുകുനശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാൻ തീരുമാനമായിട്ടുണ്ട്.