ദില്ലി: നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ മൂന്നു സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടത്.
മധ്യപ്രദേശിൽ 144 സീറ്റുകളിലും ഛത്തീസ്ഗഡിൽ 30 സീറ്റുകളിലും തെലങ്കാനയിൽ 55 സീറ്റുകളിലുമാണ് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. മധ്യപ്രദേശിൽ മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് ചിന്ദ്വാരയിൽനിന്ന് മത്സരിക്കും. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ പഠാനിൽനിന്നും ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി ടിഎസ് സിങ് ദേവ് അംബികാപുരിൽനിന്നും മത്സരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ ബുധിനിയിൽ നടനായ വിക്രം മസ്താലിനെ ആണ് കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. തെലങ്കാന പിസിസി പ്രസിഡൻറ് രേവന്ത് റെഡ്ഡി കോടങ്കലിൽ നിന്നായിരിക്കും ജനവിധി തേടുക.
ഉത്തം കുമാർ റെഡ്ഡി എം.പി തെലങ്കാനയിലെ ഹുസൂർനഗർ മണ്ഡലത്തിൽനിന്നും മത്സരിക്കും. രാജസ്ഥാനിലെ ഉൾപ്പെടെ സ്ഥാനാർഥി പട്ടിക കോൺഗ്രസിന് ഇതുവരെ പുറത്തിറക്കാനായിട്ടില്ല.
അവശേഷിക്കുന്ന സീറ്റുകളിലും വൈകാതെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്.