ചെന്നൈ : ഏകദിന ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുകയാണ്. കരുത്തരായ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ചെന്നൈയിലാണ് മത്സരം നടക്കുന്നത്. ആതിഥേയരായ ഇന്ത്യയെ സംബന്ധിച്ച് ജയിച്ച് തുടങ്ങേണ്ടത് അഭിമാന പ്രശ്‌നമാണ്. എന്നാല്‍ ഓസീസിനെ തോല്‍പ്പിക്കുക ഇന്ത്യക്ക് കടുപ്പമായിരിക്കുമെന്നുറപ്പ്. അതേ സമയം ഇന്ത്യന്‍ താരങ്ങളുടെ സമീപകാല പ്രകടനങ്ങളും ഫോമും പരിശോധിക്കുമ്പോള്‍ ലോകകപ്പിലെ ഫേവറേറ്റുകളെന്ന് വിശേഷിപ്പിക്കാം.
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ പ്രകടനത്തില്‍ ടീം വലിയ പ്രതീക്ഷവെക്കുന്നു. ക്യാപ്റ്റനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ രോഹിത്തിന് സാധിക്കേണ്ടതായുണ്ട്. താരത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. അതുകൊണ്ടുതന്നെ ഇന്ത്യ വലിയ പ്രതീക്ഷയിലുമാണ്. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലൂടെ ചില വമ്പന്‍ റെക്കോഡുകള്‍ തകര്‍ക്കാനുള്ള അവസരം രോഹിത് ശര്‍മക്ക് മുന്നിലുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിക്‌സറില്‍ ക്രിസ് ഗെയ്‌ലിന്റെ ലോക റെക്കോഡ് തകര്‍ക്കാനൊരുങ്ങുകയാണ് രോഹിത് ശര്‍മ. അനായാസം സിക്‌സര്‍ നേടാന്‍ കഴിവുള്ളതിനാലാണ് രോഹിത്തിനെ ഹിറ്റ്മാനെന്ന് വിളിക്കുന്നത്. ഇതുവരെ 551 സിക്‌സുകളാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹം പറത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സിക്‌സറെന്ന റെക്കോഡില്‍ മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ലാണ് തലപ്പത്ത്. 553 സിക്‌സാണ് അദ്ദേഹം നേടിയത്.
ഓസ്‌ട്രേലിയക്കെതിരേ മൂന്ന് സിക്‌സുകള്‍ നേടാനായാല്‍ ഗെയ്‌ലിന്റെ വമ്പന്‍ സിക്‌സര്‍ റെക്കോഡ് തകര്‍ത്ത് സിക്‌സറില്‍ ലോക റെക്കോഡിടാന്‍ രോഹിത് ശര്‍മക്ക് സാധിക്കും. രോഹിത്തിന്റെ സമീപകാല പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ ഓസീസിനെതിരേ തന്നെ ഈ നേട്ടത്തിലേക്കെത്താന്‍ സാധിച്ചേക്കും. എന്തായാലും ലോകകപ്പ് കഴിയുമ്പോഴേക്കും ഈ റെക്കോഡില്‍ ഗെയ്‌ലിനെ മറികടന്ന് സിക്‌സര്‍ റെക്കോഡില്‍ രോഹിത് തലപ്പത്തേക്കെത്തുമെന്നുറപ്പാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പേരിലുള്ള സെഞ്ച്വറി റെക്കോഡ് തകര്‍ക്കാനുള്ള അവസരവും രോഹിത് ശര്‍മക്ക് മുന്നിലുണ്ട്. 2019ലെ ഏകദിന ലോകകപ്പിലെ അഞ്ച് സെഞ്ച്വറി പ്രകടനം ഉള്‍പ്പെടെ നിലവില്‍ ആറ് സെഞ്ച്വറികളാണ് രോഹിത്തിന്റെ ലോകകപ്പ് കരിയറിലുള്ളത്. സച്ചിന്‍ ടെണ്ടുല്‍ക്കറും 6 സെഞ്ച്വറികളാണ് ലോകകപ്പില്‍ നേടിയത്. ഓസ്‌ട്രേലിയക്കെതിരേ സെഞ്ച്വറി നേടാനായാല്‍ സച്ചിനെ മറികടന്ന് ഈ റെക്കോഡില്‍ തലപ്പത്തേക്കെത്താന്‍ രോഹിത് ശര്‍മക്കാവും.
2011ലെ ഏകദിന ലോകകപ്പില്‍ നിന്ന് തഴയപ്പെട്ട രോഹിത് 17 ഇന്നിങ്‌സില്‍ നിന്നായി 978 റണ്‍സാണ് ഇതുവരെ ഏകദിന ലോകകപ്പില്‍ നേടിയത്. 2015ല്‍ ബംഗ്ലാദേശിനെതിരേയാണ് രോഹിത്തിന്റെ ആദ്യത്തെ ഏകദിന ലോകകപ്പ് സെഞ്ച്വറി പിറക്കുന്നത്. ഒരു ഏകദിന ലോകകപ്പില്‍ കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡില്‍ നേരത്തെ തന്നെ തലപ്പത്തേക്കെത്താന്‍ രോഹിത്തിനായിരുന്നു.
ലോകകപ്പിലൂടെ യുവരാജ് സിങ്ങിന്റെ മാന്‍ ഓഫ് ദി മാച്ച് റെക്കോഡ് മറികടക്കാനുള്ള അവസരവും രോഹിത്തിന് മുന്നിലുണ്ട്. ഒരു ഏകദിന ലോകകപ്പില്‍ കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് നേടുന്ന ഇന്ത്യക്കാരന്‍ എന്ന റെക്കോഡില്‍ യുവരാജ് സിങ്ങും രോഹിത്തും ഒന്നാം സ്ഥാനം പങ്കിടുകയാണ്.
2011ലെ ഏകദിന ലോകകപ്പില്‍ യുവരാജ് നാല് തവണ കളിയിലെ താരമായി. 2019ലാണ് രോഹിത് നാല് തവണ കളിയിലെ താരമായത്. ഇത്തവണത്തെ ലോകകപ്പില്‍ അഞ്ച് തവണ കളിയിലെ താരാമായാല്‍ രോഹിത്തിന് യുവിയെ മറികടക്കാം. എന്നാല്‍ രോഹിത്തിനെ സംബന്ധിച്ച് ഈ നേട്ടത്തിലേക്കെത്തുക എളുപ്പമായിരിക്കില്ലെന്നുറപ്പ്. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ശുബ്മാന്‍ ഗില്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഉണ്ടാകില്ലെന്നുറപ്പായിരിക്കുകയാണ്. ചെന്നൈയിലെ കാലാവസ്ഥയും അനുകൂലമല്ല. ഇന്നലെ വൈകീട്ട് കനത്ത് മഴയാണ് പെയ്തത്. ശക്തമായ മഴ ഇന്ത്യ-ഓസീസ് മത്സരം മുടക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്തായാലും മത്സരം നടന്നാല്‍ തകര്‍പ്പന്‍ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.