കടുത്തുരുത്തി : ഓട്ടത്തിനിടെ വാഹനത്തില്‍ നിന്നും ഒഴുകിപ്പടര്‍ന്ന ഓയിലില്‍ കയറി നിയന്ത്രണംവിട്ട് ബൈക്കുകള്‍ മറിഞ്ഞു. കടുത്തുരുത്തി ടൗണില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ഒടുവില്‍ ഫയര്‍ ഫോഴ്സ് എത്തി റോഡ് കഴുകിയാണ് ഓയില്‍ നീക്കം ചെയ്തത്.
കടുത്തുരുത്തി ടൗണില്‍ പെരുവ ഭാഗത്തേക്ക് വാഹനങ്ങള്‍ തിരിയുന്ന വളവിന് സമീപമാണ് റോഡില്‍ ഓയില്‍ ഒഴുകി പടര്‍ന്നത്. ഓട്ടത്തിനിടയില്‍ ഏതോ വാഹനത്തില്‍ നിന്നും ഓയില്‍ ഒഴുകിയതാകാമെന്നാണ് കരുതുന്നത്. ഓയില്‍ പടര്‍ന്നതോടെ കടുത്തുരുത്തിയില്‍ നിന്നും വൈക്കം ഭാഗത്തേക്ക് പോയ 3 ഇരുചക്ര വാഹനങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നായി മറിഞ്ഞെങ്കിലും യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. കൂടുതല്‍ വാഹനങ്ങള്‍ കടന്നു പോയപ്പോള്‍ ഓയില്‍ റോഡില്‍ കൂടുതല്‍ ഭാഗത്തേക്ക് പടര്‍ന്നു. ഇതോടെ ഈ ഭാഗത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ റോഡിലിറങ്ങി നിന്ന് ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് കടുത്തുരുത്തി പൊലീസ് സ്ഥലത്തെത്തി. എസ് ഐ റോജി, സിപിഒ അഭിലാഷ് എന്നിവര്‍ ചേര്‍ന്ന് ഗതാഗതം നിയന്ത്രിക്കുകയും ഫയര്‍ ഫോഴ്സിന്റെ സേവനം തേടുകയുമായിരുന്നു. കടുത്തുരുത്തി ഫയര്‍ സ്റ്റേഷനില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ അലക്സ് ടിഎമ്മിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി സോപ്പ് പൊടി വിതറി റോഡ് കഴുകി ഓയില്‍ നീക്കം ചെയ്തു.
ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ ഡി വിനോദ്, എന്‍ കെ വിനോദ്, സുനൂപ്, മുജീബ്, വിഷ്ണുദാസ്, എ സി മനു, ഹോംഗാര്‍ഡ് ശ്യാം, തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ഒരുമണിക്കൂറോളം നീണ്ട പരിശ്രമത്തിലാണ് റോഡിലെ ഓയില്‍ നീക്കം ചെയ്ത് അപകടസാധ്യത ഒഴിവാക്കാനായത്.